ചന്ദ്രയാൻ 2ൽ നിന്ന് പകർത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍
ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18,078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട് ഇപ്പോഴുള്ളത്. ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്ന് ഉപഗ്രഹത്തിന്‍റെ പ്രവർത്തനം നിരന്തരം വിലയിരുത്തുന്നുണ്ട്
ബംഗലൂരു: ചന്ദ്രയാൻ 2ൽ നിന്ന് പകർത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു ചന്ദ്രോപരിതലത്തിൽ നിന്ന് 2650 കിലോമീറ്റർ അകലെ നിന്ന് വിക്രം ലൻഡർ പകർത്തിയ ചിത്രങ്ങൾ.ജൂലൈ 22നായിരുന്നു ചാന്ദ്രയാൻ രണ്ട് പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്നങ്ങൾ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വിക്ഷേപണം വൈകിയെങ്കിലും പെട്ടന്ന് തന്നെ പ്രശ്നങ്ങൾ പരിഹരിച്ച ഇസ്റോ ദൗത്യത്തിന്‍റെ സമയക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു.
ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18,078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട് ഇപ്പോഴുള്ളത്. ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്ന് ഉപഗ്രഹത്തിന്‍റെ പ്രവർത്തനം നിരന്തരം വിലയിരുത്തുന്നുണ്ട്. ഉപഗ്രഹത്തിലെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്റോ അറിയിച്ചു.
ഇനി 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ 1 വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കും.സെപ്റ്റംബർ രണ്ടിനായിരിക്കും വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാൻ രണ്ട് ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.