തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുയുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി-കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന

0

തിരുവനന്തപുരം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി-കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന.രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി തിങ്കളാഴ്ച വൈകുന്നേരമാണ് ചന്ദ്രശേഖര്‍ റാവു തിരുവനന്തപുരത്തെത്തിയത്. ഉച്ചക്ക് ശ്രീപത്മനാഭാസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ തെലങ്കാന മുഖ്യമന്ത്രി വൈകിട്ട് ആറരയോടെയാണ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താന്‍ ക്ലിഫ് ഹൌസിലെത്തിയത്.

ടി.ആര്‍.എസ്. എം.പിമാരായ സന്തോഷ്കുമാര്‍, വിനോദ്കുമാര്‍ എന്നിവരും ചന്ദ്രശേഖര റാവുവിന് ഒപ്പമുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട് നിന്ന കൂടിക്കാഴ്ചയില്‍ ദേശീയ രാഷ്ട്രീയം അടക്കം ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ മൂന്നാം മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടന്നുവെന്നാണ് സൂചന.ബംഗാളില്‍ തൃണമൂലിനേയും ഒഡീഷയില്‍ ബി.ജെ.ഡിയെയും അടക്കം ഉള്‍പ്പെടുത്തി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ ചന്ദ്രശേഖര റാവു നേരത്തെ തന്നെ ആരംഭിച്ചിരിന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.അടുത്താഴ്ച തമിഴ്നാട്ടിലെത്തി സ്റ്റാലിനുമായും ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം കന്യാകുമാരിയിലേക്ക് പോകുന്ന ചന്ദ്രശേഖരറാവു അവിടെ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങും.

You might also like

-