പുതുപ്പള്ളിയില്‍ ചാണ്ടിഉമ്മൻ യു ഡി എഫ് സ്ഥാനാർത്ഥി
കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് എഐസിസി അംഗീകാരത്തോടെ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്
കോട്ടയം | പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായിരുന്നു. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാലതാമസം വരുത്താതെ കോണ്‍ഗ്രസ് നേതൃത്വം ചാണ്ടി ഉമ്മനെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ചാണ്ടി ഉമ്മനെ മാത്രമാണ് കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥിയായി പരിഗണിച്ചത്. നിലവിൽ യൂത്ത് കോൺഗ്രസിൻ്റെ നാഷണൽ ഔട്രീച്ച് സെൽ അധ്യക്ഷനാണ് ചാണ്ടി ഉമ്മൻ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ സ്ഥിരം അംഗവുമായിരുന്നു ചാണ്ടി ഉമ്മൻ.
കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് എഐസിസി അംഗീകാരത്തോടെ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നാളെ മുതൽ ചാണ്ടി ഉമ്മൻ മത്സരരംഗത്തുണ്ടാകുമെന്ന് എഐസിസി ആസ്ഥാനത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് കെപിസിസി പ്രസിഡൻ്റ് പ്രഖ്യാപിച്ചു. പുതുപ്പള്ളിയിലേക്ക് ഒരു വൻടീമിനെ നാളെത്തന്നെ നിയോഗിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
ചാണ്ടി ഉമ്മനെക്കാൾ മികച്ചൊരു സ്ഥാനാർത്ഥി പുതുപ്പള്ളിയിലില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ചരിത്ര സംഭവമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു.കുടുംബത്തിൽ നിന്ന് ചാണ്ടി ഉമ്മനായിരിക്കും സ്ഥാനാർത്ഥിയാവുകയെന്ന് മറിയം ഉമ്മൻ നേരത്തെ പറഞ്ഞിരുന്നു. വലിയൊരു ഉത്തരവാദിത്വമാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവിനോളം ഉയർന്ന് പ്രവർത്തിക്കുക വലിയ വെല്ലുവിളിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
സിപിഐഎമ്മില്‍ നിന്ന് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരാണ് പരിഗണനയിലുള്ളത്; റെജി സഖറിയ, ജെയ്ക് സി തോമസ്, സുഭാഷ് പി വര്‍ഗീസ്. അനില്‍ ആന്റണിയുടെയും ജോര്‍ജ് കുര്യന്റെയും പേരാണ് ബിജെപി പരിഗണിക്കുന്നത്.സെപ്തംബര്‍ 5നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 8നാണ് വോട്ടെണ്ണല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.