ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാൻ കേന്ദ്ര സർക്കാർ., പ്രമേയം അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ
ഒരു സിറ്റിങ് ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നത് രാജ്യത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നടപടിയാണ്.
ഡൽഹി |ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാൻ കേന്ദ്ര സർക്കാർ. ഇതിനായുള്ള പ്രമേയം അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ദില്ലി ഹൈക്കോടതി ജസ്റ്റിസായിരിക്കെ ദില്ലിയിലെ വസതിയിൽ നിന്ന് പണം കണ്ടെത്തിയിരുന്നു. അതിന് ശേഷം അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ ഇദ്ദേഹം രാജിവെക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ഇംപീച്ച്മെൻ്റ് നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നത്.ഒരു സിറ്റിങ് ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നത് രാജ്യത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ നടപടിയാണ്. പ്രമേയം അവതരിപ്പിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിയാലോചനകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. സുപ്രീം കോടതി സമിതിയുടെ അന്വേഷണ റിപ്പോർട്ട് മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ചിരുന്നു. റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷവും യശ്വന്ത് വർമ്മ രാജിവയ്ക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമ മന്ത്രി അർജുൻ റാം മേഘവാൾ എന്നിവർ നേരത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് ഇംപീച്ച്മെന്റ് നടപടി ക്രമങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. മാർച്ച് 14നാണു യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയത്.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കേ ഔദ്യോഗിക വസതിയില്‍ അനധികൃത പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് യശ്വന്ത് ശര്‍മ സംശയത്തിന്റെ നിഴലിലായത്. തുടര്‍ന്ന് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. പണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിനായി സുപ്രീം കോടതി മൂന്നംഗ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്താനും കൊളീജിയം നിര്‍ദേശിച്ചിരുന്നു.
പണം കണ്ടെത്തിയതില്‍ തനിക്ക് പങ്കില്ലെന്നാണ് ജസ്റ്റിസ് വര്‍മയുടെ വാദം. യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. കത്തിയമര്‍ന്ന നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ വീഡിയോ കണ്ട് ഞെട്ടിയെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നുമാണ് ജസ്റ്റിസ് വര്‍മയുടെ വാദം.
മാര്‍ച്ച് 14 ന് രാത്രി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിനിടെയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്.