‘രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം ചിദംബരത്തിന്റെ വീട്ടിൽ നോട്ടീസ് പതിപ്പിച്ച സി ബി ഐ

രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം' എന്നാവശ്യപ്പെട്ടുള്ള നോട്ടീസാണ് ദില്ലി ജോർബാഗിലുള്ള ചിദംബരത്തിന്‍റെ വസതിയിൽ പതിച്ചിരിക്കുന്നത്.

0

ഡൽഹി : കോടതി മുൻ‌കൂർ ജാമ്യം നിക്ഷിതിച്ചതിനുപിന്നാലെ മുൻധനമന്ത്രി പി ചിദംബരത്തിന്‍റെ വീട്ടിൽ അർധരാത്രി നോട്ടീസ് പതിച്ച് സിബിഐ. ‘രണ്ട് മണിക്കൂറിനുള്ളിൽ ഹാജരാകണം’ എന്നാവശ്യപ്പെട്ടുള്ള നോട്ടീസാണ് ദില്ലി ജോർബാഗിലുള്ള ചിദംബരത്തിന്‍റെ വസതിയിൽ പതിച്ചിരിക്കുന്നത്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ മുൻ ധനമന്ത്രി പി ചിദംബരം സുപ്രീംകോ‍ടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സിബിഐയുടെ നീക്കം.

വൈകിട്ടോടെ സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയെങ്കിലും അവിടെയില്ലെന്ന് മറുപടി കിട്ടിയ ശേഷം മടങ്ങിയിരുന്നു. എന്നാൽ അതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് സംഘം എത്തി. സിബിഐ മടങ്ങിയതിന് പിന്നാലെയാണ് ജോർബാഗിലെ വസതിയിലേക്ക് നാലംഗഎൻഫോഴ്‍സ്മെന്‍റ് സംഘമെത്തിയത്.

ദില്ലി ഹൈക്കോടതിയുടെ നടപടി നീതിപൂർവമോ, തെളിവുകൾ പരിശോധിച്ചുള്ളതോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കപിൽ സിബലിന്‍റെ നേതൃത്വത്തിലുള്ള നിയമവിദഗ്‍ധരുടെ സംഘമാണ് സുപ്രീംകോടതിയിൽ ദില്ലി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അപേക്ഷ നൽകുക. എത്രയും പെട്ടെന്ന് അപേക്ഷ പരിഗണിക്കണമെന്ന് നിയമസംഘം ആവശ്യപ്പെടാനിരിക്കുകയാണ്.

പി ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കുന്നതാണ് ദില്ലി ഹൈക്കോടതിയുടെ വിധി. കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ പല തവണ എൻഫോഴ്‍സ്മെന്‍റും സിബിഐയും ചോദ്യം ചെയ്തിരുന്നു. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്.

അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്,

എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെ രാഷ്ട്രീയകാരണങ്ങളാൽ ലക്ഷ്യമിടുകയാണെന്നും ചിദംബരം ആരോപിച്ചു.

മുൻകൂർ ജാമ്യഹർജി തള്ളിക്കളഞ്ഞ ദില്ലി ഹൈക്കോടതി ”നിരവധി” രേഖകളാണ് ചിദംബരത്തിനെതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ, നേരത്തേ ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

”ഇത്ര വലിയൊരു സാമ്പത്തിക അഴിമതി നടന്നുവെന്ന കേസിൽ, ശക്തമായ നടപടി ആവശ്യമാണ്. ഇരുമ്പുകരങ്ങൾ കൊണ്ടുവേണം ഇത്തരം കേസുകളെ കൈകാര്യം ചെയ്യാൻ. അന്വേഷണ ഏജൻസികളെ ഇത്തരം കേസിൽ കെട്ടിയിടാനാകില്ല”, കോടതി നിരീക്ഷിച്ചു. ചിദംബരം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്നും, മറുപടികൾ അലസമായിരുന്നുവെന്നും, കൃത്യതയില്ലാത്തതായിരുന്നുവെന്നും കോടതി പറഞ്ഞു.

You might also like

-