ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയെന്ന് സിബിഐ

വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, പരീക്ഷാ ഇന്‍വിജിലേറ്റര്‍ സി പി പ്രവീണ്‍ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം. ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്

0

കൊച്ചി :പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐ. എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐയുടെ കണ്ടെത്തല്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, പരീക്ഷാ ഇന്‍വിജിലേറ്റര്‍ സി പി പ്രവീണ്‍ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം. ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അതേ സമയം നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ തെളിവില്ലെന്ന കണ്ടെത്തലില്‍ സിബിഐ കുറ്റവിമുക്തനാക്കുകയും ചെയ്തു.എന്നാല്‍ കൃഷ്ണദാസ് തന്നെയാണ് ഇതിന്റെ പിന്നിലെന്ന് വിശ്വസിക്കുന്നെന്നും സി.ബി.ഐ കുറ്റപത്രം തള്ളിക്കളയുകയാണെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു. കൃഷ്ണദാസ് അറിയാതെ കോളേജില്‍ ഒരു ഇലപോലും അനങ്ങില്ല. കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.’

ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. അന്ന് ക്രൈംബ്രാഞ്ച് അഞ്ച് പേരെ പ്രതികളാക്കിയാണ് അന്വേഷണം നടത്തിയിരുന്നത്. ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ സി പി പ്രവീണ്‍, പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്‍, പരീക്ഷാ ചുമതലയിലുണ്ടായിരുന്ന അധ്യാപകന്‍ ബിബിന്‍ എന്നിവരായിരുന്നു ക്രൈം ബ്രാഞ്ചും ലോക്കല്‍ പൊലീസും കണ്ടെത്തിയ പ്രതികള്‍. എന്നാല്‍ ഇതില്‍ നിന്നും മൂന്ന് പേരെയാണ് ഇപ്പോള്‍ സിബിഐ ഒഴിവാക്കിയിരിക്കുന്നത്.

ജിഷ്ണു പ്രണോയ് കോപ്പി അടിച്ചെന്ന് തെറ്റായി പ്രചരിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കോപ്പി അടിച്ചെന്ന് ബലമായി ഒപ്പിട്ടുവാങ്ങി. ഇതിന് ചുക്കാന്‍ പിടിച്ചത് സി പി പ്രവീണും എന്‍ ശക്തിവേലുമായിരുന്നു. അതുകൊണ്ടാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം പി കൃഷ്ണദാസിനെതിരെയും മറ്റ് പ്രതികള്‍ക്കെതിരെയും കുറ്റം ചുമത്താന്‍ തക്ക തെളിവുകള്‍ ലഭിച്ചില്ലെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.2017 ജനുവരി 6നാണ് ജിഷ്ണു പ്രണോയിയെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

You might also like

-