എൽദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

എൽദോസ് കുന്നപ്പിള്ളിയുമായി സൗഹൃദത്തിലായിരുന്നു. ആ ബന്ധം വളർന്ന് ഇരുവരും ശാരീരികവും മാനസികവുമായി അടുത്തു. എൽദോസിനു മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അകലാൻ ശ്രമിച്ചു. എൽദോസ് മദ്യപിച്ച് വീട്ടിൽവന്ന് ബഹളമുണ്ടാക്കി. തന്റെ കൂടെ വന്നില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി. കാറിൽവച്ച് ഉപദ്രവിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ബലമായി കാറിലേക്കു കയറ്റാൻ ശ്രമിച്ചു. അടുത്തുള്ള അടച്ചിട്ട വീട്ടിലേക്കു താൻ ഓടിക്കയറി.

0

തിരുവനന്തപുരം | പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കോവളം പൊലീസ് കേസെടുത്തു. സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കോവളം പൊലീസ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറും. യുവതിയുടെ മൊഴി കോവളം പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുക്കുന്നതിനിടെ തളർന്നുവീണ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരാതിയെക്കുറിച്ചു പ്രതികരിക്കാൻ എൽദോസ് കുന്നപ്പള്ളി ഇതുവരെ തയാറായിട്ടില്ല. അദ്ദേഹം ഒളിവിലാണെന്നാണ് വിവരം .പേട്ട സ്വദേശിയായ അധ്യാപികയാണ് പരാതിക്കാരി. സെപ്റ്റംബർ 14ന് എംഎൽഎ മർദിച്ചെന്നു കാട്ടി 28നാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. കമ്മിഷണർ കോവളം പൊലീസിനു പരാതി കൈമാറി. കേസ് പിൻവലിക്കാൻ കോവളം സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും അഭിഭാഷകരെയും സഹായികളെയും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.

കുറച്ചു ദിവസം മുന്‍പ് യുവതിയെ കാണാതായതിനെ തുടർന്ന് സുഹൃത്ത് വഞ്ചിയൂർ പൊലീസിൽ പരാതി നൽകി. ഇന്നലെ വഞ്ചിയൂർ സ്റ്റേഷനിൽ ഹാജരായ യുവതിയെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടിതിയിൽ (11) ഹാജരാക്കി. താൻ ഒളിവിൽ പോയതിന്റെ കാരണം യുവതി മജിസ്ട്രേറ്റിനോട് വിശദീകരിച്ചു. തുടർന്ന്, കേസിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് കോടതി കോവളം പൊലീസിനോട് ആരാഞ്ഞു. രാവിലെ കോവളം പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് യുവതിയുടെ മൊഴിയെടുത്തു. രഹസ്യമൊഴി രേഖപ്പെടുത്താൻ ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. എൽദോസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് യുവതി പൊലീസിനു മൊഴി നൽകി.

യുവതി കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്:

എൽദോസ് കുന്നപ്പിള്ളിയുമായി സൗഹൃദത്തിലായിരുന്നു. ആ ബന്ധം വളർന്ന് ഇരുവരും ശാരീരികവും മാനസികവുമായി അടുത്തു. എൽദോസിനു മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അകലാൻ ശ്രമിച്ചു. എൽദോസ് മദ്യപിച്ച് വീട്ടിൽവന്ന് ബഹളമുണ്ടാക്കി. തന്റെ കൂടെ വന്നില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി. കാറിൽവച്ച് ഉപദ്രവിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ബലമായി കാറിലേക്കു കയറ്റാൻ ശ്രമിച്ചു. അടുത്തുള്ള അടച്ചിട്ട വീട്ടിലേക്കു താൻ ഓടിക്കയറി.

നാട്ടുകാർ കോവളം സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് വരുമെന്ന് ഉറപ്പായപ്പോൾ എൽദോസിന്റെ പിഎ വന്ന് ഇനി ഇങ്ങനെ ഉണ്ടാകില്ല എന്ന് അറിയിച്ചു. പൊലീസുകാർ ചോദിച്ചാൽ ഭാര്യയാണെന്നു പറയണമെന്നും ഇല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. പൊലീസെത്തിയപ്പോൾ ഭാര്യയാണെന്നു കള്ളം പറഞ്ഞു. പിന്നീട് കാറിൽ കയറിയപ്പോഴും ഉപദ്രവം തുടർന്നു. അന്നുതന്നെ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. അവിടെവച്ച് എൽദോസ് മറ്റൊരു കാമുകിയുമായി ഫോണിൽ സംസാരിച്ചു.

പുലർച്ചെ 5 മണിയോടെ തന്നെ പേട്ടയിലുള്ള വീട്ടിലെത്തിച്ച് ഇനി ഉപദ്രവിക്കില്ലെന്നും ബന്ധം അവസാനിപ്പിക്കരുതെന്നും അഭ്യർഥിച്ചു. എൽദോസിന്റെ കാമുകി ഫോണിൽ വിളിച്ച് സംസാരിച്ചു. കാമുകി വിളിച്ച കാര്യം എൽദോസിനോട് പറഞ്ഞപ്പോൾ കുറ്റപ്പെടുത്തി. തുടർന്ന് കോൾ കോൺഫറൻസിൽ മൂന്നുപേരും സംസാരിച്ചു, സത്യം ആ സ്ത്രീ തുറന്നു പറഞ്ഞു. എൽദോസ് തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുന്നത് മറ്റൊരു ദിവസം ഫോണിൽ വിളിച്ചപ്പോൾ അവർ വെളിപ്പെടുത്തി. എൽദോസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ കള്ളക്കേസിൽ കുരുക്കുമെന്നും മാധ്യമങ്ങളിൽ വാർത്ത നൽകുമെന്നും പറഞ്ഞ് അപമാനിച്ചു.

You might also like

-