കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ചുമതലകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി.
ബിഷപ്പ് ഹൗസിലേക്ക് മടങ്ങി വരണമെന്ന് ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തോടും ബിഷപ്പ് ജോസ് പുത്തൻവീട്ടിലിനോടും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു.
കൊച്ചി: സിറോ മലബാർ സഭയിലെ പൊട്ടിത്തെറിക്കിടെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, ചുമതലകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി.ബിഷപ്പ് ഹൗസിലേക്ക് മടങ്ങി വരണമെന്ന് ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തോടും ബിഷപ്പ് ജോസ് പുത്തൻവീട്ടിലിനോടും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു. എന്നാൽ പദവി ഇല്ലാതെ തിരിച്ച് വരാൻ തയ്യാറല്ലെന്ന് ഇരുവരും കര്‍ദ്ദിനാളിനെ അറിയിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസം കൊച്ചിയിലെ കർദ്ദിനാൾ ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. മെത്രാന്മാരെ കര്‍ദ്ദിനാള്‍ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സഹായമെത്രാൻ പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഇരുവരും നിലവിൽ അരമനയിലല്ല താമസിക്കുന്നത്. സഭാ സ്ഥാപനങ്ങളിലേക്ക് താമസം മാറ്റിയ ഇരുവരോടും തിരികെ വരണമെന്ന് കൂടിക്കാഴ്ചക്കിടെ കര്‍ദ്ദിനാള്‍ ആവശ്യപ്പെടുകയായിരുന്നു.
സസ്പെൻഷൻ പിൻവലിക്കാതെ ബിഷപ്പ് ഹൗസിലേക്ക് മടങ്ങുന്നില്ലെന്നാണ് ബിഷപ്പുമാരുടെ നിലപാട്. ഇതിൽ തീരുമാനമെടുക്കേണ്ടത് വത്തിക്കാനാണെന്ന് കർദ്ദിനാളും മറുപടി നൽകി .അധികാരമില്ലാത്ത സാഹചര്യത്തിൽ ബിഷപ്പ് ഹൗസിലേക്ക് മടങ്ങി വരുന്നില്ല, ചുമതലകളിൽ നിന്ന് നീക്കി വത്തിക്കാൻ ഇറക്കിയ ഉത്തരവ് പിൻവലിക്കാതെ തീരുമാനത്തിൽ മാറ്റമില്ലെന്നും ഇരുവരും കർദ്ദിനാളിനെ അറിയിച്ചതായാണ് വിവരം.കർദ്ദിനാളിന്‍റെ വാക്ക് വിശ്വസിച്ച് എത്തിയാൽ ബിഷപ്പ് ഹൗസിലെ അനധികൃത താമസക്കാരെന്ന് മുദ്ര കുത്തപ്പെടുമെന്നും ഇരുവരും അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സഭാ സ്ഥാപനങ്ങളിലേക്ക് തന്നെ മടങ്ങി.