അമ്മൂമ്മയുടെ ചിതാഭസ്മം കലര്‍ത്തി കുക്കിയുണ്ടാക്കി വിതരണം ചെയ്ത സംഭവം അന്വേഷണത്തില്‍
കുക്കി ഉണ്ടാക്കി വിതരണം ചെയ്ത സ്ക്കൂളിലെ പെണ്‍കുട്ടി തന്നെയാണ് അമ്മൂമ്മയുടെ ചിതാഭസ്മം കലര്‍ത്തിയ വിവരം മറ്റു വിദ്യാര്‍ത്ഥികളെ അറിയിച്ചത്.
ഡേവിസ്(കാലിഫോര്‍ണിയ): വീട്ടില്‍ സൂക്ഷിച്ചിരുന്ന അമ്മൂമ്മയുടെ ചിതാഭസ്മം കൂട്ടിചേര്‍ത്ത് കുക്കിയുണ്ടാക്കി സ്ക്കൂളിലെ സഹപാഠികള്‍ക്ക് വിതരണം ചെയ്ത വിവാദ സംഭവത്തെ കുറിച്ച് ഡേവിസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു
ഡ വിന്‍സി ചാര്‍ട്ടര്‍ അക്കാദമിയിലെ ഒരു വിദ്യാര്‍ത്ഥിനിയാണ് ഇതിനുത്തരവാദിയെന്ന് പ്രിന്‍സിപ്പല്‍ ടയ്‌ലര്‍ മില്‍സാഫ് ചൊവ്വാഴ്ച(ഒക്ടോബര്‍ 17ന്) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.ചൊവ്വാഴ്ച വരെ ഈ സംഭവത്തില്‍ ആരേയും അറസ്റ്റു ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുക്കി ഉണ്ടാക്കി വിതരണം ചെയ്ത സ്ക്കൂളിലെ പെണ്‍കുട്ടി തന്നെയാണ് അമ്മൂമ്മയുടെ ചിതാഭസ്മം കലര്‍ത്തിയ വിവരം മറ്റു വിദ്യാര്‍ത്ഥികളെ അറിയിച്ചത്.ഒമ്പതു കുട്ടികളെങ്കിലും ഈ കുക്കി കഴിച്ചിട്ടുണ്ടെന്നാണ പ്രിന്‍സിപ്പള്‍ അറിയിച്ചത്. കുട്ടികള്‍ക്ക് യാതൊരു ആരോഗ്യപ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഇതു സംബന്ധിച്ചു പരാതി പറഞ്ഞ ഒരു വിദ്യാര്‍ത്ഥിയോടു പരാതി എഴുതി ഒപ്പിട്ടു തരാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതായി ഈ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടു.ഇതില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പേരു വിവരം പരസ്യപ്പെടുത്തുവാന്‍ അധികൃതര്‍ തയ്യാറായില്ല.സ്ക്കൂള്‍ അധികൃതരും, പോലീസും സഹകരിച്ചു ഈ സംഭവത്തെ കുറിച്ചു വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.