ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ജൂൺ പതിനാലുവരെ നീട്ടി മുഴുവൻപേർക്കും സേവനം ഉറപ്പാക്കും
ഓണ്‍ലൈന്‍ സംവിധാനം എല്ലായിടത്തും എത്താന്‍ രണ്ടാഴ്ച വരെ സമയമെടുക്കുമെന്ന വിലയിരുത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.ജൂണ്‍ 1 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഒരാഴ്ച ട്രയല്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. എല്ലാ കുട്ടികൾക്കും പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.രണ്ടാഴ്ചക്ക് ശേഷം ഇതുവരെയുള്ള ക്ലാസുകള്‍ പുനസംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍ സംവിധാനം എല്ലായിടത്തും എത്താന്‍ രണ്ടാഴ്ച വരെ സമയമെടുക്കുമെന്ന വിലയിരുത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.ജൂണ്‍ 1 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഒരാഴ്ച ട്രയല്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ കഴിയാത്തവര്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ മനസിലാക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്ത ആദിവാസി വിദ്യാര്‍ഥി ആത്മഹത്യ സംഭവവും അതിനെതിരായ പ്രതിഷേധങ്ങളും മന്ത്രിസഭയുടെ പരിഗണനയില്‍ വന്നു. ഈ സാഹചര്യത്തിലാണ് ട്രയല്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനിച്ചത്. ജൂണ് 14 വരെ ട്രയല്‍ റണ്‍ ആയിരിക്കും. ഈ കാലയളവില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ 14ന് ശേഷം പുനസംപ്രേഷണം ചെയ്യാനാണ് തീരുമാനം.
ഒരാഴ്ച കൂടി ട്രയൽ നീളുമ്പോൾ ടി.വി യോ സ്മാർട്ഫോണോ ഇല്ലാത്ത വീടുകളിലെ കുട്ടികൾക്ക് ബദൽ സംവിധാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായുള്ള നടപടികളും വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച് കഴിഞ്ഞു.പ്രഥമാധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പി.ടി.എ.കളുടെയും സഹായത്തോടെയാണ് ബദൽ സംവിധാനം ഏര്‍പ്പെടുത്തുന്നത്.ഈ ഘട്ടത്തില്‍ എടുത്ത ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനലില്‍ പുനഃസംപ്രേഷണം ചെയ്യും. ക്ലാസുകള്‍ ആര്‍ക്കും നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനാണിത്.രണ്ടാഴ്ചത്തെ ട്രയലിന് ശേഷം മുന്നാമത്തെ ആഴ്ചയിലാകും പുന:സംപ്രേക്ഷണം. പ്രളയ സാധ്യത മുന്നിൽ കണ്ട് ഡാമുകളിലെയും നദികളിലെയും മണൽ നീക്കം വേഗത്തിലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാകും മണൽ നീക്കം നടക്കുക