സി എം രവീന്ദ്രന്‍റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും
ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രൻ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കത്തയച്ചിരുന്നു
കൊച്ചി:ഇ ഡി യുടെ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ വീണ്ടും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍റെ ആരോഗ്യനില വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. രവീന്ദ്രൻ ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കഴുത്തിലും ഡിസ്കിനും പ്രശ്നമുണ്ടെന്ന് എംആർഐ റിപ്പോർട്ടില്‍ വ്യക്തമായിരുന്നു.ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്നമില്ലെന്നാണ് മെഡിക്കൽ ബോർഡ് ഇന്നലെ വിലയിരുത്തിയത്. അതുകൊണ്ടുതന്നെ ഇന്നത്തെ യോഗം രവീന്ദ്രന് നിര്‍ണായകമാകും. ഫിസിക്കൽ മെഡിസിൻ വിഭാഗവും ഇന്ന് രവീന്ദ്രനെ പരിശോധിക്കും.
ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രൻ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കത്തയച്ചിരുന്നു. രണ്ട് ആഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ആവശ്യം. ആരോഗ്യപരമായ കാരണങ്ങളാണ് സിഎം രവീന്ദ്രൻ കത്തിൽ പറയുന്നത്. കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്. നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മെഡിക്കൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ടും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇമെയിൽ സന്ദേശം ആണ് രവീന്ദ്രൻ ഇഡിക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് സിഎം രവീന്ദ്രൻ എൻഫോഴ്സ്മെന്‍റിനെ സമീപിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങൾ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് സഹിതം ആണ് ആവശ്യം എന്നിരിക്കെ ചോദ്യം ചെയ്യലിൽ തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് ഇഡിയും എന്നാണ് വിവരം. ആരോഗ്യം വീണ്ടെടുക്കും വരെ കാത്തിരിക്കാനാകും എൻഫോഴ്സ്മെന്‍റ് തീരുമാനം.