ബസ് ഉടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു
സംസ്ഥാനത്ത് ബസ് ഉടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പായില്ലെങ്കില്‍ ഈ മാസം 21 മുതല്‍ സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തണമെന്നുമുള്ള ആവശ്യം ഉയര്‍ത്തിയായിരുന്നു ബസ് ഉടമകള്‍ നാളെ മുതല്‍ സമരം പ്രഖ്യാപിച്ചത്. ഇക്കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
ഈ മാസം 20നുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു.