ബുറേവി തമിഴ്‌നാട് തീരം തൊടുന്നതിന്ന് മുന്‍പേ ദുര്‍ബലമായി
രാമനാഥപുരത്തിനും തൂത്തുക്കുടിക്കും ഇടയിലൂടെ അതിതീവ്ര ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് പ്രവേശിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു കരപ്രവേശം.
ചെന്നൈ :ബുറേവി ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടുന്നതിന്ന് മുന്‍പേ ദുര്‍ബലമായി. മാന്നാര്‍ കടലിടുക്കില്‍ വച്ച് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാമനാഥപുരത്തിനും തൂത്തുക്കുടിക്കും ഇടയിലൂടെ അതിതീവ്ര ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് പ്രവേശിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു കരപ്രവേശം.
കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ശക്തി കുറഞ്ഞ് തീവ്രന്യൂനമര്‍ദ്ദമാകാനാണ് സാധ്യത.ഇന്ന് വൈകുന്നേരത്തോടെ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ ദുര്‍ബല ന്യൂനമര്‍ദ്ദമായിട്ടായിരിക്കും ബുറേവി കേരളത്തില്‍ പ്രവേശിക്കുക. തിരുവനന്തപുരം ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദ്ദം അറബിക്കടലിലെത്തുമെന്നാണ് പ്രവചനം.ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം തുടരുന്നുണ്ട്. അഞ്ച് ജില്ലകളിലെ റെഡ് അലേർട്ട് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ച് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി.പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്കാണ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.