സി.കെ ജാനുവിന് കോഴ ! കെ സുരേന്ദ്രന് എതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ്
എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ പരാതിയിലായിരുന്നു നടപടി. കോടതിയുടെ നിര്‍ദേശപ്രകാരം ഇന്ന് പോലീസ് കേസ് എടുത്തു.
കല്‍പ്പറ്റ: സി.കെ ജാനുവിനെ സ്ഥാനാര്‍ഥിയാകാന്‍ അവർക്ക് പണം നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവും കേസില്‍ പ്രതിയാണ്. കല്‍പ്പറ്റ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടി. ഇന്നലെയാണ് കല്‍പ്പറ്റ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി സുരേന്ദ്രനെതിരെ കേസ് എടുക്കാന്‍ സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ പരാതിയിലായിരുന്നു നടപടി. കോടതിയുടെ നിര്‍ദേശപ്രകാരം ഇന്ന് പോലീസ് കേസ് എടുത്തു.
തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.കെ. ജാനുവിന് പണം നല്‍കി എന്നാണ് സുരേന്ദ്രന് എതിരായ കേസ്. ഇത് സംബന്ധിച്ച് ജെ.ആര്‍.പി. നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയ ടെലഫോണ്‍ സംഭാഷണം മാതൃഭൂമി ന്യൂസ് ആണ് പുറത്തുവിട്ടത്. ഇതിനു പിന്നാലെ ജാനുവിന്റെ പാര്‍ട്ടിയിലെ മുന്‍പ്രവര്‍ത്തകനും അവര്‍ പണം വാങ്ങിയതായി ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നവാസ് കോടതിയെ സമീപിച്ചത്.