മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു.
നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നേഴ്സുമാരായ ലീന, കുഞ്ഞന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടിയുമായി ആരോഗ്യവകുപ്പ്. ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസര്‍ വിശദമായി അന്വേഷണം നടത്തും.കോവിഡ് രോഗിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലുണ്ടായ ദുരനുഭവത്തില്‍ കര്‍ശന നടപടി എടുക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. മൂന്ന് പേര്‍ക്കാണ് സസ്പെന്‍ഷന്‍. നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നേഴ്സുമാരായ ലീന, കുഞ്ഞന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് ഡിഎംഇ വിശദമായ അന്വേഷണം നടത്തും. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍ സംഭവത്തില്‍ യഥാര്‍ത്ഥ ഉത്തരവാദികളെ ഒഴിവാക്കിയാണ് നടപടിയെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘടനകള്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചു.
ആഗസ്റ്റ് 21ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ദുരിതമനുഭവിക്കേണ്ടി വന്നത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് ശരീരത്തില്‍ പുഴുവരിച്ചത് ബന്ധുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രിക്ക് കുടുംബം പരാതി നല്‍കിയിരുന്നു.