രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ പി കെ ഇന്ദിരയുടെ വക്കീല്‍ നോട്ടീസ്
തന്‍റെ മകനുമായി ബന്ധപ്പെടുത്തി സെപ്തംബര്‍ 13 ന് ആണ് ഒരു മാധ്യമത്തില്‍ വാര്‍ത്ത വരുന്നത്. ബാങ്കില്‍ പോയി ഇടപാടുകള്‍ നടത്തിയത് സെപ്തംബര്‍ പത്തിനാണ്. എന്നാല്‍, മകനെ കുറിച്ചുള്ള വാര്‍ത്ത വന്നതിനു പിന്നാലെ ബാങ്കില്‍ പോയി ലോക്കര്‍ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റി എന്ന കള്ളമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ പി കെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചു. വാര്‍ത്താസമ്മേളനത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ചൂണ്ടികാട്ടിയാണ് ഇന്ദിര നോട്ടീസ് അയച്ചത്.സമൂഹമാധ്യത്തില്‍ മനപ്പൂര്‍വം അപമാനിക്കാനും അവഹേളിക്കാനും ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നേതാവ് പച്ചകളളം ഉന്നയിച്ചതെന്ന് പികെ ഇന്ദിരയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും പിന്‍വലിച്ച് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ പി യു ഷൈലജന്‍ മുഖാന്തിരം വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത് .
തന്‍റെ മകനുമായി ബന്ധപ്പെടുത്തി സെപ്തംബര്‍ 13 ന് ആണ് ഒരു മാധ്യമത്തില്‍ വാര്‍ത്ത വരുന്നത്. ബാങ്കില്‍ പോയി ഇടപാടുകള്‍ നടത്തിയത് സെപ്തംബര്‍ പത്തിനാണ്. എന്നാല്‍, മകനെ കുറിച്ചുള്ള വാര്‍ത്ത വന്നതിനു പിന്നാലെ ബാങ്കില്‍ പോയി ലോക്കര്‍ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റി എന്ന കള്ളമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.ഈ മാസം 25, 27 തിയതികളില്‍ പേരക്കുട്ടികളുടെ പിറന്നാളാണ്. അവര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കാനുള്ള ആഭരണങ്ങള്‍ താന്‍ നേരത്തെ ജോലി ചെയ്തിരുന്ന കണ്ണൂരിലെ ബാങ്കിലായിരുന്നു.
ബാങ്കില്‍ പോകുന്ന അവസരത്തില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പരിശോനക്കായി സ്രവം എടുത്ത ശേഷം താന്‍ ക്വാറന്റൈനില്‍ പോകേണ്ടതായിരുന്നു എന്ന ചെന്നിത്തലയുടെ വാദം ശരിയല്ല.അങ്ങനെ കൊവിഡ് പ്രേട്ടോകോളില്‍ പറയുന്നില്ലെന്നും പി കെ ഇന്ദിര നോട്ടീസില്‍ പറഞ്ഞു. നോട്ടീസ് കിട്ടി രണ്ട് ദിവസത്തിനകം വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങള്‍ തിരുത്തണം. അല്ലാത്തപക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വക്കീല്‍ മുഖാന്തിരം അയച്ച നോട്ടീസില്‍ പറയുന്നത്.