മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നാലാം ദിവസവും പ്രതിഷേധം

കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. ഇവരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കെഎസ്.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് നിഹാൽ അടക്കം പത്ത് പേർക്ക് പരിക്കേറ്റു

0

തിരുവനതപുരം :മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യുവജന സംഘടകൾ നടത്തിയ മാർച്ച് പലയിടത്തും അക്രമാസക്തമായി.കെ.ടി.ജലീൽ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്.യുവിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ പ്രവർത്തകർ വയനാട് – കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. ഇവരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കെഎസ്.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് നിഹാൽ അടക്കം പത്ത് പേർക്ക് പരിക്കേറ്റു. വയനാട് കളക്ട്രേറ്റിക്ക് കെഎസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചത് തിരക്കിന് ഇടയാക്കി. ബാരിക്കേഡ് മറികടന്നു വന്ന പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചു

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. പ്രവർത്തകർ പിരിഞ്ഞുപോകാതെ വന്നതോടെ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. കെ.എസ്.ശബരീനാഥൻ എംഎൽഎ അടക്കം നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു.

സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. എസ്ഡിപിഐ പ്രവർത്തകർ ജലീലിന്റെ കോലം കത്തിച്ചു. യുവമോർച്ച പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും അക്രമാസക്തമായി. ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ പൊലീസ് നീക്കിയത്. നിരവധി പ്രവർത്തകർക്ക് പരുക്ക് പറ്റി. യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു.

പാപ്പിനിശ്ശേരിയിലെ മന്ത്രി ഇ.പി.ജയരാജൻ്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തി. മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയ വാഹനത്തിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. സെക്രട്ടേറിയേറ്റിലേക്ക് ജനതാദൾ നടത്തിയ മാർച്ചിൽ ജലീലിൻ്റെ കോലം കത്തിച്ചു. ഇതേതുടർന്ന് പൊലീസ് ലാത്തി വീശി.

You might also like

-