കരമന ദുരൂഹമരണം മൊഴിയിൽ കളവ് കാര്യസ്ഥൻ രവീന്ദ്രൻ നായർക്കെതിരെ ക്രൈം ബ്രാഞ്ച് കേസ്?
കുടുംബാംഗം ജയമാധവൻ നായരുടെ വീട്ടിൽവച്ച് വിൽപത്രം തയ്യാറാക്കിയെന്ന രവീന്ദ്രൻ നായരുടെ മൊഴി സംശയകരമാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു
തിരുവനന്തപുരം: കരമന കൂടത്തില്‍ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തില്‍ വഴിത്തിരിവ്. മരിച്ച ജയമാധവന്‍ നായര്‍ സ്വത്ത് കൈമാറ്റത്തിന് അനുമതി നല്‍കിയെന്ന കാര്യസ്ഥന്‍റെ മൊഴി വ്യാജമെന്ന് തെളിഞ്ഞു. കാര്യസ്ഥാന്‍ രവീന്ദ്രന്‍ നായരെ പ്രതിയാക്കുന്ന കാര്യം പരിഗണനയില്‍. വിവിധ കാലഘട്ടങ്ങളിലായി ദുരൂഹ മരണത്തിന് ഇരയായത് അഞ്ചുപേരാണ്. കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ അക്കൗണ്ടിൽ അനധികൃതമായി പണം എത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ ഇയാളെ പ്രതി ചേർക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
കുടുംബാംഗം ജയമാധവൻ നായരുടെ വീട്ടിൽവച്ച് വിൽപത്രം തയ്യാറാക്കിയെന്ന രവീന്ദ്രൻ നായരുടെ മൊഴി സംശയകരമാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇയാൾക്കെതിരെ തെളിവ് ശേഖരണം പൂർത്തിയായാൽ പ്രതി ചേർക്കുമെന്നാണ് വിവരം.ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടിൽ അസ്വാഭാവിക സാഹചര്യങ്ങളിൽ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവൻ നായരാണ് ഒടുവിൽ മരിച്ചത്. ജയമാധവൻ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻനായരും അകന്ന ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത വർധിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രൻ നായരുടെ ഇടപെടലുകളിൽ സംശയമുണർത്തുന്ന തെളിവുകൾ കണ്ടെത്തിയത്