വി മുരളീധരന്റെ വാദം തള്ളിഅനുരാഗ് സിങ് ഠാക്കൂർ നയതന്ത്ര ബാഗേജ് തന്നെ
യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നത്, അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്.
തിരുവനന്തപുരം :വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. നയതന്ത്ര ബാഗേജിലല്ല സ്വര്‍ണം കടത്തിയതെന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാദം തള്ളിയാണ് ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. കേസില്‍ അറസ്റ്റിലായവര്‍ക്ക് ഉന്നത ബന്ധമുണ്ടെന്നും അനുരാഗ് സിങ് ലോക്സഭയെ അറിയിച്ചു.
യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നത്, അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. ഇതുവരെ കേസിൽ 16 പേരെ അറസ്റ്റ് ചെയ്തു. അതിൽ ഒരു പ്രതിക്ക് ഉന്നതതല ബന്ധങ്ങളുണ്ടെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. എൻ കെ പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ ഉന്നയിച്ച ചോദ്യത്തിനായിരുന്നു അനുരാഗ് സിങ് ഠാക്കൂറിന്റെ മറുപടി.സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ അല്ലെന്ന് വി മുരളീധരൻ ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ ഇക്കാര്യം ലോക്സഭയെ അറിയിക്കുന്നത്.