റമീസിന്‍റെ ആശുപത്രിവാസം വകുപ്പ് മേധാവിക്ക് അതിസുരക്ഷ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ വകുപ്പ് മേധാവി അതി സുരക്ഷ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റമീസ് ആശുപത്രി വിട്ടതിന് പിന്നാലെ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തൃശൂർ :തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി റമീസിന്‍റെ ആശുപത്രിവാസം സംബന്ധിച്ച് ജയില്‍ വകുപ്പ് മേധാവിക്ക് അതിസുരക്ഷ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം സ്വപ്നക്ക് ഒപ്പം സെല്‍ഫിയെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും.
റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ വകുപ്പ് മേധാവി അതി സുരക്ഷ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റമീസ് ആശുപത്രി വിട്ടതിന് പിന്നാലെ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റമീസിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും കിടത്തി ചികിത്സിക്കേണ്ട ആവശ്യമില്ലെന്നും കണ്ടെത്തിയിരിന്നു. മൂത്രാശയ രോഗങ്ങളും ഉദരസംബന്ധമായ അസുഖങ്ങളുമാണുള്ളതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. രണ്ട് ആഴ്ച കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഡോക്ടറെ കാണിക്കണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജയില്‍ വകുപ്പ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
അതേ സമയം സ്വപ്നയുടെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ്മാരുടെ മൊഴി മെഡിക്കല്‍ കോളേജ് അധികൃതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് തുടര്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറും. സ്വപ്നയുമായി സെല്‍ഫിയെടുത്ത സംഭവത്തില്‍ ആറ് വനിത പൊലീസുകാര്‍ക്ക് എതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്തിട്ടുണ്ട്. കൌതുകത്തിന് സെല്‍ഫിയെടുത്തതെന്നാണ് വനിതാ പൊലീസുകാര്‍ നല്‍കിയ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടും ഇന്ന് സമര്‍പ്പിച്ചേക്കും.