ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം പരിശോധന ഒഴിവാക്കാൻ മനഃപൂർവമായുണ്ടാക്കിയത് വി.ഡി സതീശൻ

ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. മാലിന്യ പ്ലാന്റിലെ തീപിടിത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയാണ്.

0

തിരുവനന്തപുരം | ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം പരിശോധന ഒഴിവാക്കാൻ മനഃപൂർവമായുണ്ടാക്കിയതാണെന്ന ​ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്ത്. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. മാലിന്യ പ്ലാന്റിലെ തീപിടിത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയാണ്. പ്രതിരോധിക്കാൻ വേണ്ടി ഒരു സംവിധാനവും ചെയ്തില്ല. ജൈവ അജൈവ മാലിന്യങ്ങൾ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഇന്നത്തോടെ തീ പൂർണമായി അണയ്ക്കാൻ കഴിയുമെന്നും തദ്ദേശമന്ത്രി എം.ബി.രാജേഷ്. പ്രശ്നം ഗൗരവമുള്ളതാണെന്നും ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചതായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.
പരിഭ്രാന്തിയുടെ അന്തരീക്ഷം ഇപ്പോഴില്ലെന്നു മന്ത്രി പറഞ്ഞു. അന്തരീക്ഷ വായുവിന്റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല. മാലിന്യം കിടക്കുന്ന സ്ഥലത്തേക്ക് അഗ്നിരക്ഷാസേന വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല എന്ന പ്രശ്നമുണ്ടായിരുന്നു. തീ അണയ്ക്കാനുള്ള ഏകോപനത്തിന് വിവിധ വകുപ്പുകളുടെ സംവിധാനം ഉണ്ടാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ ആരോഗ്യവകുപ്പ് ക്രമീകരിച്ചു.

മാലിന്യം പല അടുക്കായതിനാൽ തീ അണയ്ക്കാൻ സമയമെടുത്തു. മാലിന്യസംസ്കരണത്തിന് ദീർഘകാല ഇടപെടൽ ഉണ്ടാകും. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം നടക്കുന്നു. അന്വേഷണം പൂർത്തിയായാലേ കാരണം അറിയാൻ കഴിയൂ. ഉയർന്ന അന്തരീക്ഷ താപനില തീപിടിത്തത്തിന് കാരണമായിട്ടുണ്ട്. പുതിയ പ്ലാന്റ് സജ്ജമാകുന്നതോടെ മാലിന്യപ്രശ്നത്തിനു പരിഹാരമാകും. 2026ൽ സമ്പൂർണമായി മാലിന്യനിർമാര്‍ജനം നടത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു

ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടിത്തത്തില്‍ കോര്‍പറേഷനെതിരെ വിമര്‍ശനവുമായി ഫയര്‍ഫോഴ്‌സ് രം​ഗത്തെത്തിയിരുന്നു. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ ഹിറ്റാച്ചി എത്തിക്കുന്നില്ല. ലഭിച്ചത് നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണെന്നാണ് കോര്‍പറേഷനെതിരെയുള്ള വിമര്‍ശനം. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം വാരി വിതറി വെള്ളം തളിക്കാതെ തീ കെടില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹിറ്റാച്ചികളെത്തിച്ചാല്‍ രണ്ട് ദിവസം കൊണ്ട് തീ നിയന്ത്രിക്കാം. നിലവിലത്തെ സാഹചര്യത്തില്‍ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയര്‍ഫോഴ്‌സ് പറഞ്ഞു.

തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്ത പുക. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. പുക നിയന്ത്രണവിധേയമാക്കുവാന്‍ കഴിയാത്തതിനാല്‍ ബ്രഹ്‌മപുരത്തിനും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഞായറാഴ്ച കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

You might also like

-