ഡൽഹി സ്‌കൂളുകളിൽ ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം
ഒരേ മെയിൽ സന്ദേശമാണ് സ്കൂളുകളിൽ എത്തിയത്. സന്ദേശമയച്ചത് റഷ്യയിൽ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ഡൽഹി, നോയിഡ് മേഖലയിലെ 50ലധികം സ്‌കൂളുകളിൽ ബോംബ് ഭീഷണി രാജ്യ തലസ്ഥാനത്തെ മുൾമുനയിലാക്കിയിരുന്നു
ഡൽഹി | ഡൽഹിയിൽ 100 ൽ അധികം സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം.രാജ്യ തലസ്ഥാനത്ത് ബോംബ് ഭീഷണിയുണ്ടായത് നൂറോളം സ്കൂളുകളിൽ. ഒരേ മെയിൽ സന്ദേശമാണ് സ്കൂളുകളിൽ എത്തിയത്. സന്ദേശമയച്ചത് റഷ്യയിൽ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ഡൽഹി, നോയിഡ് മേഖലയിലെ 50ലധികം സ്‌കൂളുകളിൽ ബോംബ് ഭീഷണി രാജ്യ തലസ്ഥാനത്തെ മുൾമുനയിലാക്കിയിരുന്നു. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂൾ എന്നിവടങ്ങളിലേക്കാണ് ഇന്നു പുലർച്ചെ 4.15 ന് ആദ്യം ഭീഷണി സന്ദേശമെത്തിയത്. പിന്നാലെ അമ്പതോളം സ്‌കൂളുകൾക്കും സമാനമായ മെയിലുകൾ ലഭിച്ചതായി വിവരം പുറത്തുവരുന്നത്. ഇന്നലെയും ചില സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സ്‌കൂളുകളിൽനിന്നും വിദ്യാർത്ഥികളെ ഒഴിപ്പിച്ചുള്ള പരിശോധന മണിക്കൂറുകളോളം നീണ്ടു.ബോംബ് സ്‌ക്വാഡ് , അഗ്‌നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെ സന്ദേശം വ്യാജമെന്ന് പോലീസ് വ്യക്തമാക്കി.
പരിഭ്രാന്തരാകേണ്ടെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അഭ്യർത്ഥിച്ചു.
”ഇന്ന് രാവിലെ ചില സ്കൂളുകൾക്ക് ബോംബ് ഭീഷണിയുണ്ടായി. വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും ആ സ്ഥലങ്ങളിൽ ഡൽഹി പൊലീസ് തിരച്ചിൽ നടത്തുകയും ചെയ്തു. ഇതുവരെ ഒരു സ്കൂളിൽ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ല. ഞങ്ങൾ പൊലീസുമായും സ്‌കൂളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. രക്ഷിതാക്കളോടും പൗരന്മാരോടും പരിഭ്രാന്തരാകരുതെന്ന് അഭ്യർത്ഥിക്കുന്നു. ആവശ്യമുള്ളിടത്ത് സ്‌കൂൾ അധികൃതർ രക്ഷിതാക്കളുമായി ബന്ധപ്പെടും,” അതിഷി കുറിച്ചു.
ഭീഷണി സന്ദേശത്തെ തുടർന്ന് മദർ മേരി സ്‌കൂളിൽ പരീക്ഷ പാതിവഴിയിൽ നിർത്തി.ലെഫ്.ഗവർണർ സ്‌കൂളുകൾ സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. റഷ്യയിൽ നിന്ന് ലഭിച്ച ഭീഷണി സന്ദേശത്തിന് കേന്ദ്രീകൃത സ്വഭാവമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഡൽഹി പൊലീസിന് പുറമെ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി.