ബോംബ് രാഷ്ട്രീയം ! കണ്ണൂരിൽ വ്യാപക പരിശോധന
പാനൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്
കണ്ണൂര്‍ | പാനൂര്‍ ബോംബ് നിർമ്മാണ ശാലയിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്.
ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. പാനൂര്‍ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.
അതേസമയം പാനൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാല്‍, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.സ്ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്‍റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കേസില്‍ അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരുമായി ഇന്ന് സ്ഫോടനം നടന്നയിടത്ത് പൊലീസ് തെളിവെടുപ്പ് നടത്തും. സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുൺ, ഷിബിൻ ലാല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സായൂജ് എന്നൊരാള്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.പാനൂര്‍ കുന്നോത്ത് പറമ്പില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മൂളിയാത്തോട് കാട്ടിന്‍റവിട ഷെറിൻ (31) ആണ് മരിച്ചത്. വിനീഷിന് ഗുരതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
അതേസമയം പാനൂർ ബോംബ് സ്ഫോടനത്തിൽ മരിച്ച ഷെറിൻ്റെ വീട്ടിൽ സിപിഐഎം നേതാക്കളെത്തി. സിപിഐഎം അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽകമ്മിറ്റി അംഗം എ അശോകൻ എന്നിവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ശവസംസ്കാരത്തിന് മുൻപായിരുന്നു നേതാക്കൾ വീട്ടിലെത്തിയത്. പാർട്ടിയുമായി പ്രതികൾക്ക് ബന്ധമില്ലെന്നായിരുന്നു നേരത്തെ സിപിഐഎം നിലപാട്. പാർട്ടി പ്രവർത്തകരെ അക്രമിച്ച കേസിൽ പ്രതിയാണ് ബോംബ് നിർമ്മിച്ചതെന്ന് സിപിഐഎം പറഞ്ഞിരുന്നു.