യു.പിയില്‍ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍
ഉന്നാവോയിലെ ബക്സർ ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ഗംഗാ നദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങൾ മണലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നദിയില്‍ നിന്ന് ദൂരെയായാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നതെന്നാണ് ഉന്നാവോ ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കുന്നത്. അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ തെരുവുനായ്ക്കൾ കടിച്ചുപറിക്കുന്ന സ്ഥിതിയാണ്. ഉന്നാവോയിലെ ബക്സർ ഗ്രാമത്തിനടുത്തുള്ള നദീതീരത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉന്നാവോ അടക്കം മൂന്നു ജില്ലകളില്‍ നിന്ന് മൃതദേഹങ്ങൾ എത്തിച്ച് സംസ്കരിക്കുന്ന ഇടമാണ് ബക്സർ ഗ്രാമത്തിനടുത്തുള്ള ഗംഗാതീരം. മറ്റു ഭാഗങ്ങളിലും സമാനമായ രീതിയില്‍ മൃതദേഹങ്ങളുണ്ടോയെന്നറിയാന്‍ തിരച്ചില്‍ വ്യാപിപ്പിച്ചു. Read Also ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ് മൃതദേഹങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് നദിയിലൂടെ ഒഴുകിയെത്തിയതല്ല, മറിച്ച് മണ്ണില്‍ മൂടിയിടുകയാണ് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇവ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹമാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രദേശവാസികള്‍ പരിഭ്രാന്തരാണ്.
സംഭവത്തില്‍ റിപ്പോർട്ട് നൽകാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും, സർക്കിൾ ഓഫീസര്‍ക്കും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. യു.പിയിലും ബിഹാറിലും ഗംഗാനദിയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തുന്നത് ആശങ്കയാകുന്നതിനു പിന്നാലെയാണ് മണ്ണില്‍ കുഴിച്ചിട്ട രീതിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. യു.പിയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ
കൂടുന്ന പശ്ചാത്തലത്തിൽ, ഉന്നാവോയിലെ ഗംഗാ നദീതീരങ്ങളിലേക്ക് മൃതദേഹങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മിക്ക മൃതദേഹങ്ങളും ചിതയൊരുക്കിയാണ് സംസ്കരിക്കുന്നതെങ്കിലും ഇതിനുള്ള സൗകര്യമോ പണമോ ഇല്ലാത്തവരാണ് വേറെ വഴിയില്ലാതെ മൃതദേഹങ്ങൾ പുഴയിലൊഴുക്കി വിടുകയോ, മണലിൽ കുഴിച്ചുമൂടുകയോ ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.