ബോബി ചെമ്മണ്ണൂർ ജാമ്യം.തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജയിലിൽ കഴിയാൻ തീരുമാനം

റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂർ തടവിൽ തുടരാൻ തീരുമാനിച്ചത് . ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു.

കൊച്ചി| നടി ഹണി റോസ് നൽകിയ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ തുടർന്ന് ബോബി ചെമ്മണ്ണൂർ ബൊച്ചേ നാടകം . ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂർ തടവിൽ തുടരാൻ തീരുമാനിച്ചത് . ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു.

ഇന്ന് ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിച്ചു. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാനും പറ്റാത്ത തടവുകാർ നിരവധി പേർ ജയിലിൽ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. അതേസമയം, ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ തുടരും. എന്നാൽ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവിൽ കോടതി പറയുന്നു.

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയില്‍ രൂക്ഷപരാമര്‍ശമാണ് ഹൈക്കോടതി നടത്തിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നായിരുന്നു ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയത്. ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ബോഡി ഷെയ്മിം​ഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ലെന്നും മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തിൽ ഒഴിവാക്കണം. സമാനമായ രീതിയിലുള്ള പരാമർശങ്ങൾ നടത്തില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നൽകുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി പൊലീസ് ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും വ്യക്തമാക്കി. ദ്വായർത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവിൽ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കർ ആയ ഡോക്ടർ സ്റ്റീവ് മറബോളിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങൾ അവളെ വിലയിരുത്തുന്നതെങ്കിൽ, നിങ്ങൾക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യർ, ചിലർ തടിച്ചവരാകാം ചിലർ മെലിഞ്ഞവരാകാം, പക്ഷേ അതിന്റെ പേരിൽ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബോബി ചെമ്മണ്ണൂരിൻറെ പ്രസ്താവനകളിൽ കടുത്ത വിയോജിപ്പാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്. നടി ഹണി റോസിൻറെ പരാതിക്ക് ആധാരമായ ഉദ്ഘാടന പരിപാടിയുടെ വീഡീയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ദ്വയാർഥ പ്രയോഗമല്ലാതെ മറ്റെന്താണിതെന്ന് ചോദിച്ചു. നടിയുടെ മാന്യത കൊണ്ടാണ് പൊതുമധ്യത്തിൽ അവരുടെ അനിഷ്ടം പ്രകടിപ്പിക്കാതിരുന്നത്. സ്വയം സെലിബ്രിറ്റിയായി കരുതുന്ന ഈ മനുഷ്യൻ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും കോടതി ചോദിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരെ അധിക്ഷേപിക്കുന്നവർക്കുളള താക്കീതുകൂടിയാണിത്. ബോബി ചെമ്മണ്ണൂരിനെതിരായ നടപടി ഒരുപാട് പേർക്ക് പാഠമായിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. സ്ഥിരമായി അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നയാളാണ് പ്രതിയെന്നും സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും സർക്കാർ അറിയിച്ചു. ഇത്തരക്കാർക്കെല്ലാമുളള മറുപടിയാണ് ഈ കേസ്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുരുതരമായ കുറ്റങ്ങളല്ല ചുമത്തിയിരിക്കുന്നതെന്നും പ്രതിഭാഗം അറിയിച്ചു. ജാമ്യം നൽകിയാൽ കർശന ഉപാധി വേണമെന്ന് സർക്കാരും നിലപാടെടുത്തു. ഇത് പരിഗണിച്ചാണ് ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി വിലയിരുത്തിയത്.
ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ബോബി ചെമ്മണ്ണൂര്‍ അന്‍പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് കോടതിയെ സമീപിക്കാം തുടങ്ങിയ ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

You might also like

-