റഷ്യൻ അതിർത്തിയായ കെർഷ് കടലിടുക്കിൽ കപ്പലുകൾക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ആറ് ഇന്ത്യാക്കാർ
പതിനഞ്ചോളം ഇന്ത്യാക്കാർ ഈ കപ്പലുകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. മരിച്ചവരെക്കുറിച്ചും രക്ഷപ്പെട്ടവരെക്കുറിച്ചുമുള്ള പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ല
മോസ്കോ: റഷ്യൻ അതിർത്തിയായ കെർഷ് കടലിടുക്കിൽ കപ്പലുകൾക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ആറ് ഇന്ത്യാക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ആറ് ഇന്ത്യാക്കാരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. രക്ഷപ്പെട്ടവരിൽ മലയാളിയായ അശോക് നായരും ഉൾപ്പെടുന്നു. ആകെ നാല് മലയാളികളെ ഇതുവരെ രക്ഷപ്പെടുത്തിയതായി ആണ് വിവരം. 15 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പ്രാദേശിക സമയം ആറ് മണിയോടെ കരിങ്കടലിൽ വച്ച് രണ്ട് ചരക്കുകപ്പലുകൾക്ക് തീ പിടിക്കുകയായിരുന്നു. ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്, മെയ്സ്ട്രോ എന്നീ ടാൻസാനിയൻ കപ്പലുകൾക്കാണ് തീ പിടിച്ചത്. ഒരു കപ്പലിൽ നിന്ന് അടുത്തതിലേക്ക് കടലിൽ വച്ച് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പതിനഞ്ചോളം ഇന്ത്യാക്കാർ ഈ കപ്പലുകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. മരിച്ചവരെക്കുറിച്ചും രക്ഷപ്പെട്ടവരെക്കുറിച്ചുമുള്ള പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ല. കടൽ പ്രക്ഷുബ്ധമായത് കാരണം ഉൾക്കടലിലെ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.