വി മുരളീധരനൊപ്പം സ്മിത മേനോനെ ദുബൈയിൽ പങ്കെടുപ്പിച്ചതിനെതിരെ ബി ജെ പി യിൽ വിവാദം, കൃഷ്‌ണദാസ് പക്ഷം കേന്ദ്ര നേതൃത്തത്തെ സമീപിച്ചേക്കും
സ്മിത മേനോനെ മഹിളാമോര്‍ച്ച സെക്രട്ടറിയാക്കിയതിന് പുറമേ ഭര്‍ത്താവ് പി.ആര്‍ ശ്രീജിത്തിനും വി മുരളീധരന്‍ ഇടപെട്ട് ഉന്നതപദവി നല്‍കിയെന്ന ആരോപണമാണ് ബി.ജെ.പിക്കകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
കോഴിക്കോട്: സ്മിത മേനോനെയും ഭര്‍ത്താവിനെയും വി മുരളീധരന്‍ വഴിവിട്ട് സഹായിക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ വിവാദം പുകയുന്നു.സ്മിത മേനോനെ മഹിളാമോര്‍ച്ച സെക്രട്ടറിയാക്കിയതിന് പുറമേ ഭര്‍ത്താവ് പി.ആര്‍ ശ്രീജിത്തിനും വി മുരളീധരന്‍ ഇടപെട്ട് ഉന്നതപദവി നല്‍കിയെന്ന ആരോപണമാണ് ബി.ജെ.പിക്കകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.ശ്രീജിത്തിനെ ഹൈക്കോടതിയില്‍ കസ്റ്റംസിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ആയാണ് നിയമിച്ചത്. സാധാരണയായി കേന്ദ്രസര്‍ക്കാറിന് വേണ്ടപ്പെട്ടവരെയാണ് ഈ പദവിയില്‍ നിയമിക്കാറുള്ളത്. ബിജെപിയുടെ അഭിഭാഷക സംഘടനയിലെ പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ ഈ പദവിയിലേക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇവരെയൊന്നും പരിഗണിക്കാതെയാണ് സ്മിത മേനോന്റെ ഭര്‍ത്താവിനെ വി.മുരളിധരന്‍ ഇടപെട്ട് സ്റ്റാന്റിംഗ് കൗണ്‍സിലാക്കിയതെന്നാണ് ബി.ജെ.പി നേതാക്കള്‍ തന്നെ ആരോപിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പക്ഷം കേന്ദ്രനേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്.
ആദ്യം താനല്ല അനുവാദം നല്‍കിയതെന്ന മറുപടി നല്‍കിയ വി.മുരളീധരന്‍, പിന്നീട് സ്മിതാ മേനോന്റെ ഫേസ്ബുക്ക് വന്നതോടെ നിലപാട് മാറ്റുകയായിരുന്നു. തനിക്കെതിരെ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിക്ക് പ്രധാനമന്ത്രി മറുപടി നല്‍കുമെന്ന മുരളീധരന്റെ പ്രസ്താവന ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ഒരു സഹമന്ത്രി കൊച്ചാക്കിയെന്ന പ്രതീതിയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.
അതേസമയം വി.മുരളീധരനെതിരെ സിപിഎം അപവാദപ്രചരണം നടത്തുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്മിത മേനോനെ മഹിള മോര്‍ച്ച സെക്രട്ടറിയാക്കിയത് മുരളീധരനല്ല താനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരായ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് വിദേശകാര്യ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം. മുരളീധരന്റെ അനുമതിയോടെ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഒഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ പി.ആര്‍ കമ്പനി മാനേജര്‍ സ്മിതാമേനോന്‍ പങ്കെടുത്തുവെന്ന പരാതിയിലാണ് നടപടി. ലോക്താന്ത്രിക യുവജനതാദള്‍ ദേശീയപ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്.