പാലാ ഉപതെരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി

വെള്ളിയാഴ്ച ചേർന്ന എൻഡിഎ യോഗത്തിലാണ് പാലായിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചത്.

0

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി കോട്ടയം ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ ഹരി മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. സംസ്ഥാന നേതൃത്വം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്നാണ് കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരൻ പിള്ള അറിയിച്ചിരുന്നു. വെള്ളിയാഴ്ച ചേർന്ന എൻഡിഎ യോഗത്തിലാണ് പാലായിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചത്.

എബിവിപിയിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലേക്കും യുവ മോർച്ചയിൽ നിന്ന് ബിജെപി നേതൃത്വത്തിലേക്കും എത്തിയ ഹരി കഴിഞ്ഞ മൂന്ന് വർഷമായി ജില്ലാ പ്രസിഡന്‍റ് ആയി തുടരുകയാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.

പാലായിൽ സ്ഥാനാർത്ഥിയായ തെരഞ്ഞെടുത്ത ബിജെപി സംസ്ഥാന- കേന്ദ്ര നേതൃത്വത്തിനും പ്രവർത്തകർക്കും എൻ ഹരി നന്ദി അറിയിച്ചു. സഹതാര തരം​ഗം പാലായിലെ തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. മതന്യൂനപക്ഷങ്ങളുടെ പിന്തുണയുണ്ടാകുമെന്നും ഹരി പറഞ്ഞു. എൻഡിഎയ്ക്കുള്ളിൽ പ്രശ്നങ്ങളില്ല. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ഹരി വ്യക്തമാക്കി.

സെപ്റ്റംബര്‍ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

You might also like

-