മകൻ കൈക്കൂലി കേസിൽ പിക്കപ്പെട്ടതിന് പിന്നാലെ രാജിവെച്ച് ബിജെപി എംഎൽഎ
ബെംഗളൂരുവിലെ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ടൻ്റ് ഓഫീസറാണ് മദൽ വിരുപാക്ഷപ്പയുടെ മകൻ പ്രശാന്ത് മദൽ. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത് പിടിയിലായത്
ബെംഗളൂരു | വസതിയിൽ നിന്ന് ആറു കോടി കണ്ടെടുത്തതിന് പിന്നാലെ കെഎസ്എഡിഎൽ (കർണാടക സോപ്സ് ആൻഡ് ഡിറ്റർജെന്റ് ലിമിറ്റഡ്) ചെയർമാൻ സ്ഥാനം രാജിവെച്ച് ബിജെപി എംഎൽഎ മദൽ വിരുപാക്ഷപ്പ. എംഎൽഎയുടെ മകൻ പ്രശാന്ത് മദൽ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയുടെ വസതിയിൽ നിന്ന് ആറു കോടി പിടിച്ചെടുത്തത്. കർണാടകയിൽ പ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്ന കമ്പനിയാണ് കെഎസ്എഡിഎൽ.
അന്വേഷണത്തിന്റെ ഭാഗമായി എംഎൽഎയെ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തെ കൈക്കൂലി കേസ് ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. കൈക്കൂലി വാങ്ങുന്നു എന്ന് വിവരമറിഞ്ഞ് ലോകയുക്ത ഉദ്യോഗസ്ഥർ കെണിയൊരുക്കിയാണ് പ്രശാന്തിനെ കുടുക്കിയത്. ‘പ്രശാന്ത് മദലിൻ്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ 1.7 കോടി രൂപയാണ് കണ്ടെടുത്തത്. മകൻ പിതാവിന് വേണ്ടി കൈകൂലി വാങ്ങിയതായാണ് സംശയിക്കുന്നത്. പണം എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം തുടരുകയാണ്’, ലോകയുക്ത വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു.