ബിജെപി കർണാടകയിൽ സർക്കാർ ഉണ്ടാക്കാൻ ശ്രമിക്കും: യെദ്യൂരപ്പ

കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ഗൗഡ, സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ടെന്ന് അവകാശപ്പെടുന്നു. സർക്കാർ രൂപീകരിക്കുകയാണെങ്കിൽ യെദ്യൂരപ്പ തന്നെയാകും മുഖ്യമന്ത്രിയാവുകയെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി

0

ബെംഗളുരു: കർണാടകത്തിൽ വീണ്ടും ദൾ – കോൺഗ്രസ് സഖ്യസർക്കാർ താഴെ വീഴുമെന്ന രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമ്പോൾ അവസരം മുതലാക്കാനൊരുങ്ങുകയാണ് ബിജെപി. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചാൽ മാത്രം ഭാവി പരിപാടികൾ ആലോചിക്കുമെന്നാണ് യെദ്യൂരപ്പയുടെ പ്രതികരണം. എന്നാൽ ഇപ്പോഴുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപിയാണെന്ന പ്രതീതി വരാതിരിക്കാൻ ശ്രദ്ധിച്ചാണ് യെദ്യൂരപ്പ മുന്നോട്ടു പോകുന്നത്.

കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ഗൗഡ, സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ടെന്ന് അവകാശപ്പെടുന്നു. സർക്കാർ രൂപീകരിക്കുകയാണെങ്കിൽ യെദ്യൂരപ്പ തന്നെയാകും മുഖ്യമന്ത്രിയാവുകയെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. ഗവർണറാണ് ഇതിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും, ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചാൽ അതിനുള്ള ഭൂരിപക്ഷമുണ്ടെന്നും സദാനന്ദ ഗൗഡ‍ വ്യക്തമാക്കി.

”ഞങ്ങൾക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവുമായി ഒരു ബന്ധവുമില്ല. ഈ സർക്കാർ താഴെ വീഴുമെന്ന് ഞങ്ങൾ നേരത്തേ പ്രവചിച്ചതാണ്. ആഭ്യന്തര കലഹങ്ങളുടെ ഭാരം താങ്ങാനൊന്നും ഈ സർക്കാരിന് കെൽപില്ല. ബിജെപി കാത്തിരുന്ന് കാണാമെന്ന നയമാണ് സ്വീകരിക്കുന്നത്. വേണ്ട സമയത്ത് വേണ്ട നടപടിയെടുക്കാം”, യെദ്യൂരപ്പ പറഞ്ഞു.ഇതിനിടെ, രാജി വയ്ക്കാൻ വന്ന ഒരു എംഎൽഎയുടെ രാജിക്കത്ത് ഡി കെ ശിവകുമാർ കീറിയെറിഞ്ഞെന്ന് യെദ്യൂരപ്പ ആരോപിച്ചു. ”സ്പീക്കറുടെ ഓഫീസിൽ വച്ചാണ് ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ നടക്കുന്നത്. ജനങ്ങൾ ഇത് കാണുന്നുണ്ടെന്ന് ഓർമ വേണം. അപലപനീയമാണിത്”, യെദ്യൂരപ്പ പറഞ്ഞു.

11 എംഎൽഎമാരാണ് കൂട്ടത്തോടെ വിധാൻ സൗധയിൽ രാജി സമർപ്പിക്കാനെത്തിയത്. രാജി സമർപ്പിക്കാനായി വിധാൻ സൗധയിൽ എംഎൽഎമാർ എത്തും മുൻപേ സ്പീക്കർ രാജി വാങ്ങാതെ ഓഫീസിൽ നിന്ന് പോയി. ഇതോടെ ഗവർണറെ കാണാൻ ഒരുങ്ങുകയാണ് എംഎൽഎമാർ.കോൺഗ്രസ് എംഎൽഎമാരായ രമേശ് ജർക്കിഹോളിയും ആനന്ദ് സിംഗും രാജി വച്ചതോടെയാണ് വീണ്ടും പ്രശ്നങ്ങളുടെ തുടക്കം. തകർന്നടിയാൻ പോകുന്ന സഖ്യത്തിന്‍റെ സൂചനകൾ അപ്പോഴേ പുറത്തു വന്നതാണ്. ഇന്ന് വിധാൻ സൗധയിലേക്ക് രാജിക്കത്തിന്‍റെ പ്രവാഹമായിരുന്നു. 11 എംഎൽഎമാരാണ് കൂട്ടത്തോടെ സ്പീക്കർ കെ ആർ രമേശ് കുമാറിന് രാജി നൽകിയിരിക്കുന്നത്.

You might also like

-