ലങ്കയെയും ദഹനം … ഇന്ത്യ ഇനി സെമിയിലേക്ക്

ഓപ്പണര്‍മാരായ ലോകേഷ് രാഹുലും(111) രോഹിത് ശര്‍മ്മയും(103) സെഞ്ച്വറി തികച്ചപ്പോള്‍ ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍അ‍സിന്‍റെ വിജയലക്ഷ്യം വളരെ എളുപ്പത്തില്‍ 43.3 ഓവറില്‍ ഇന്ത്യ മറി കടന്നു.

0

അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമിയിലേക്ക്. ഓപ്പണര്‍മാരായ ലോകേഷ് രാഹുലും(111) രോഹിത് ശര്‍മ്മയും(103) സെഞ്ച്വറി തികച്ചപ്പോള്‍ ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍അ‍സിന്‍റെ വിജയലക്ഷ്യം വളരെ എളുപ്പത്തില്‍ 43.3 ഓവറില്‍ ഇന്ത്യ മറി കടന്നു. ഇന്ത്യന്‍ ബാറ്റിങ്ങ് തങ്ങളുടെ എല്ലാ വിശ്വരൂപവും പുറത്തെടുത്തപ്പോള്‍ ശ്രീലങ്കന്‍ ബൌളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. അവസാന ലോകകപ്പ് മത്സരം കളിച്ച മലിംഗ 82 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റെടുത്തത്.

നായകന്‍ വിരാട് കോഹ്‍ലി 34 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ടൂര്‍ണ്ണമെന്‍റില്‍ അഞ്ചാം സെഞ്ച്വറി കുറിച്ച് രോഹിത് ശര്‍മ്മ ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ച്വറി നേടിയ റെക്കോര്‍ഡ് സച്ചിനൊപ്പം പങ്കിടുകയാണ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരവുമായി രോഹിത് ശര്‍മ്മ. ലോകകപ്പിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി ചരിത്രത്തില്‍ ഇടം നേടാന്‍ രോഹിത്തിന് വെറും 35 റണ്‍സ് മാത്രം മതി.

ആക്രമിച്ച് കളിക്കാനാണ് തുടക്കം മുതല്‍ ശ്രീലങ്ക ശ്രമിച്ചത്. ബുവനേശ്വര്‍ കുമാര്‍ പതിവിന് വിപരീതമായി ആദ്യ സ്പെല്ലില്‍ കുറച്ച് കൂടുതല്‍ റണ്‍സ് വഴങ്ങി. പക്ഷെ ബുംറ മികച്ച ഫോമില്‍ തുടര്‍ന്നു. നായകന്‍ കണുണരത്നയെയും(10) കുസാല്‍ പെരേരയെയും(18) പവലിയണിലേക്ക് മടക്കി ആദ്യ പവര്‍പ്ലെയില്‍ തന്നെ ശ്രീലങ്കയെ സമ്മര്‍ദ്ദത്തിന്‍റെ പിടിയിലാക്കി. ഒരു ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജ താനും വിക്കറ്റ് കീപ്പര്‍ ധോണിയും തമ്മിലുള്ള കെമിസ്ട്രി വീണ്ടെടുത്തപ്പോള്‍ പുറത്താവേണ്ടിവന്നത് കുസാല്‍ മെന്‍റിസിന്(3). ജഡേജയുടെ മികച്ച പന്ത് ക്രീസിന് വെളിയിലേക്ക് വന്ന് കയറിയടിക്കാന്‍ ശ്രമിച്ച മെന്‍റിസിനെ അനായാസം സ്റ്റംപ് ചെയ്ത് മിസ്റ്റര്‍ കൂള്‍ വീണ മൂന്നാം വിക്കറ്റിലും തന്‍റെ കയ്യൊപ്പ് പതിച്ചു. അപകടകാരിയെന്ന് തോനിച്ച അവിഷ്ക ഫെര്‍ണാന്‍റോയെ ധോണിയുടെ കൈകളിലേക്കെത്തിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയും തന്‍റെ ജോലി വൃത്തിയായി ചെയ്തു.

പിന്നീട് പരിജയസമ്പന്നനായ അഞ്ചെലോ മാത്യൂസിന്‍റെയും ലഹിരു തിരിമാനെയുടെയും ഊഴമായിരുന്നു. ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാരെ പ്രതിരോധിക്കുന്നതില്‍ ലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ നന്നേ വിയര്‍ത്തു. എങ്കിലും മികച്ച ഒരു കൂട്ടുകെട്ടിലൂടെ വലിയ ഒരു ദുരന്തത്തില്‍ നിന്നും ഭേദപ്പെട്ട സ്കോറിലേക്ക് ശ്രീലങ്കയെ അവര്‍ കരകയറ്റി. തിരിമാനെ(53) അര്‍ദ്ദ സെഞ്ച്വറി തികച്ചപ്പോള്‍ തന്‍റെ അവസാന ലോകകപ്പ് മത്സരം അനശ്വരമാക്കി മാത്യൂസ്(113) സെഞ്ച്വറി തികച്ചു. തിരിമാനെയെ കുല്‍ദീപും മാത്യൂസിനെ ബുംറയും പുറത്താക്കി. 10 ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയാണ് ശ്രീലങ്കയെ തളച്ചത്. പന്തെറിഞ്ഞ ഏവര്‍ക്കും വിക്കറ്റുണ്ട് എന്നത് ഇന്ത്യന്‍ ബൌളിങ്ങിന്‍റെ പ്രത്യേകതയാണ്.

You might also like

-