ദീപാ നിശാന്തിനെതിരെ വധഭീഷണി; ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍
അവളുടെ രക്തം വേണമെന്നും പറഞ്ഞായിരുന്നു ബിജെപി സോഷ്യല്‍മീഡിയയിലൂടെ കൊലവിളി നടത്തിയത്
.തിരുവനന്തപുരം: അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ വധഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി ഐടി സെല്‍ തലവന്‍ അറസ്റ്റില്‍. തിരുവനന്തപുരം പാല്‍ക്കുളങ്ങര കോഴിയാട്ട് ഇന്ദു നിവാസില്‍ ബിജു നായരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബിജു നായര്‍, രമേശ് കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.ദീപാ നിശാന്ത് എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അവളുടെ രക്തം വേണമെന്നും പറഞ്ഞായിരുന്നു ബിജെപി സോഷ്യല്‍മീഡിയയിലൂടെ കൊലവിളി നടത്തിയത്.കത്വ സംഭവത്തെ തുടര്‍ന്ന് ദീപക് ശങ്കരനാരായണന്‍ എന്നയാള്‍ എഴുതിയ പോസ്റ്റിനെ അനുകൂലിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു.ഇതിനെ തുടര്‍ന്ന് ബിജെപി നേതാവ് ടിജി മോഹന്‍ദാസ് ദീപക്കിന്റെയും ദീപാ നിശാന്തിന്റെയും മേല്‍വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തിക്കൊണ്ട് എല്ലാ പ്രവര്‍ത്തകരും ഇരുവര്‍ക്കുമെതിരെ രംഗത്തുവരണമെന്ന് ആഹ്വാനം നല്‍കി.
രമേശ് കുമാര്‍ നായര്‍ എന്ന ബിജപി പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് കൊലവിളി ആദ്യം ഉണ്ടായത്. അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും രമേശ് കുമാര്‍ പോസ്റ്റില്‍ പറയുന്നു.ഇതിന് പിന്തുണയുമായാണ് ബിജെപി നേതാവായ ബിജു നായര്‍ രംഗത്തെത്തിയത്.