പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊല്ലും

പക്ഷിപ്പനിയില്‍ ജനങ്ങളിലുണ്ടായ ആശങ്കയകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള പൌള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

0

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയിലും കോട്ടയത്തും പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കും. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെയാണ് കൊല്ലുക. വൈറസ് മനുഷ്യരിലേക്ക് പകരുമെന്ന ആശങ്കയില്ലെങ്കിലും ഇവിടങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊല്ലും.കോട്ടയത്തു നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. രോഗബാധയുണ്ടായ ഫാമില്‍ ശേഷിക്കുന്ന താറാവുകളെയും ഫാമിനു പുറത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ ഇന്ന് രാവിലെ തുടങ്ങുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്നീ പ‍ഞ്ചായത്തുകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയില്‍ 34602 പക്ഷികളെയും കോട്ടയത്ത് 3000 പക്ഷികളെയും കൊന്നൊടുക്കും.

ഈ ഫാമിനു പുറത്ത് കോഴിയും താറാവും ഉള്‍പ്പെടെ മൂവായിരം വളര്‍ത്തു പക്ഷികള്‍ ഉള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫാം ഒറ്റപ്പെട്ട മേഖലയിലാണ്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനും മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശങ്ക വേണ്ടതില്ലെന്ന് കളക്ടര്‍ പറഞ്ഞു.

എഴുപതു ദിവസത്തോളം പ്രായമുള്ള എണ്ണായിരം താറാവിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്ന ഫാമിലെ 1700 താറാവുകളാണ് ഇന്നലെ വരെ ചത്തത്. ഡിസംബര്‍ 28 ന് 600 താറാവുകള്‍ ചത്തതിനെത്തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ 29ന് ഫാമില്‍ സന്ദര്‍ശനം നടത്തി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

രോഗം സ്ഥിരീകരിച്ച ഫാമിലെ താറാവുകളെ കൊന്ന് മറവു ചെയ്യുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകര്‍മ സേനകളെ നിയോഗിച്ചു. പൊലീസ്, റവന്യു, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാന്‍ ആരോഗ്യവകുപ്പ് സര്‍വേ നടത്തുന്നുണ്ട്.

ആലപ്പുഴയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും വളത്തിനായി കാഷ്ടം വില്‍ക്കുന്നതും നിരോധിച്ചു. അതേസമയം പക്ഷിപ്പനിയില്‍ ജനങ്ങളിലുണ്ടായ ആശങ്കയകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള പൌള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

You might also like

-