മഹസർ രേഖയിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തി ബിനീഷിന്റെ ഭാര്യ-ഇ ഡി മടങ്ങി
എന്തോ ഒരു കാർഡ് കൊണ്ട് വന്ന് ഇവിടെ നിന്ന് കണ്ടെടുത്തതാണെന്ന് അധികൃതർ പറഞ്ഞുവെന്നും അതിൽ ഒപ്പിടണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞു
ബിനീഷിന്‍റെ ഭാര്യാമാതാവിന്‍റെ ഫോണ്‍ ഇ.ഡി കസ്റ്റഡിയിലെടുത്തു. പരിശോധന കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് ബിനീഷിന്‍റെ ഭാര്യാമാതാവ്. മനുഷ്യാവകാശ കമ്മിഷനേയും വനിതാ കമ്മിഷനേയും സമീപിക്കും. ഇഡിയുടെ പരിശോധനയ്ക്കെതിരെ സി.ജെ.എം കോടതിയില്‍ ഹര്‍ജി നൽകി
തിരുവനന്തപുരം : 26 മണിക്കൂർ നീണ്ടുനിന്ന ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിന് ശേഷം ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. മഹസർ രേഖയിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ ഒരു കാർഡ് കൊണ്ട് വന്ന് ഇവിടെ നിന്ന് കണ്ടെടുത്തതാണെന്ന് അധികൃതർ പറഞ്ഞുവെന്നും അതിൽ ഒപ്പിടണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞു. എന്നാൽ അങ്ങനെ ഒപ്പിടാൻ കഴിയില്ലെന്നാണ് ഭാര്യ റെനീറ്റ നിലപാടെടുത്തത്.
ഇന്നാലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇന്നലെ രാത്രി 11.30ക്ക് അവസാനിച്ചുവെന്ന് ഭാര്യയുടെ അമ്മ പറഞ്ഞു. ഇ.ഡി അധികൃതർ തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്നും റെനീറ്റ കൂട്ടിച്ചേർത്തു. അമ്മയെയും മക്കളെയും രണ്ട് മുറികളിലായാണ് പൂട്ടിയിട്ടതെന്നും ഇവർ ആരോപിച്ചു.വീട്ടില്‍ നിന്നും രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ബിനീഷിന്‍റെ ഭാര്യ റെനിറ്റയുടെ അമ്മ മിനി പറഞ്ഞു. അവര് രാവിലെ വന്ന് ബിനീഷിന്‍റെ റൂം ഏതാണെന്ന് ചോദിച്ചു. ബിനീഷിന്‍റെ റൂമില്‍ മാത്രം കയറിയിട്ട് വേഗം ഇറങ്ങി. മറ്റ് മുറികളിലെല്ലാം കയറി ചുമ്മാ വലിച്ചു വാരിയിട്ടു. അവര്‍ക്കൊന്നും കിട്ടിയില്ല. അവര് മെയിനായിട്ട് ഇവിടെ വന്ന് രാവിലെയും ഉച്ചക്കും ആഹാരം കഴിച്ചു, വൈകിട്ട് ചായ, രാത്രി ആഹാരം ഇതായിരുന്നു അവര്‍ ചെയ്തത്.കണ്ടെടുത്ത ക്രഡിറ്റ് കാര്‍ഡ് മാത്രമാണ് ഇവിടെ നിന്നും കൊണ്ടുപോയത്. വേറൊരു രേഖകളുമില്ല. തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മിനി പറഞ്ഞു.
ഇതിനിടെ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ എത്തി. ബിനീഷിന്റെ കുഞ്ഞിനെയടക്കം അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണ് എന്ന പരാതിയെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ എത്തിയത്.24 മണിക്കൂറായി ബിനീഷിന്റെ കുഞ്ഞ് വീട്ടുതടങ്കലിൽ എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ എത്തിച്ചേർന്നിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും ഏത് ഏജൻസിയായാലും ഇത് അനുവദിക്കാൻ കഴിയില്ലെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു.
കമ്മീഷനെത്തി അൽപസമയത്തിനകം തന്നെ കുഞ്ഞുമായി ബന്ധു പുറത്തുവന്നു. ഗേറ്റിന്റെ പുറത്ത് നിന്ന് ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടോ, എന്തെങ്കിലും തരത്തിലുള്ള വൈദ്യസഹായം വേണ്ടതുണ്ടോ എന്നീ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. കമ്മീഷനെ അകത്തേക്ക് കടത്തിവിടാൻ അനുമതി ലഭിക്കാതിരുന്നതിനെ തുടർന്നാണ് പുറത്ത് നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
അതേസമയം, ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് 24 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. ബിനീഷിന്റെ കുടുംബത്തെ അനധികൃത കസ്റ്റഡിയിൽ വച്ചിരിക്കുകയാണ് എന്ന പരാതിയിൽ ബന്ധുക്കൾ കോടതിയെ സമീപിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണൽ സി.ജെ.എം കോടതിയിലാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.എന്നാൽ ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നടപടി പൂർത്തിയാക്കാൻ തടസം നിൽക്കുന്നുവെന്നും ഇ.ഡി പറയുന്നു.