ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി: മുംബൈ പൊലീസ് കണ്ണൂരിൽ

വിവാഹ വാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാർ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

0

മുംബൈ/കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിയുടെ രണ്ട് മേല്‍വിലാസങ്ങള്‍ കണ്ണൂരിലേതാണ്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുമായി പൊലീസ് സംഘം കൂടിക്കാഴ്ച നടത്തി.മുംബൈ ഓഷ്വാര പോലീസ് സ്റ്റേഷനിലാണ് ബിനോയ് കോടിയേരിക്കെതിരെ പെണ്‍കുട്ടി പീഡന പരാതി നല്‍കിയിട്ടുളളത്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഓഷ്വാര സ്റ്റേഷനിലെ എസ്.ഐ വിനായക് യാദവ്, സിവില്‍ പൊലീസ് ഓഫീസര്‍ ദയാനന്ദ് പവാര്‍ എന്നിവര്‍ ഇന്ന് ഉച്ചയോടെ കണ്ണൂരിലെത്തിയത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേസിന്‍റെ വിശദാംശങ്ങള്‍ ഇദ്ദേഹത്തെ ധരിപ്പിച്ചതായാണ് വിവരം. ഒപ്പം പെണ്‍കുട്ടി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നാരോപിച്ച് ബിനോയ് കോടിയേരി നല്‍കിയ പരാതിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്

വിവാഹ വാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാർ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.കേസന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ ബിനോയ് കോടിയേരിക്ക് പൊലീസ് നോട്ടീസയച്ചിരുന്നു. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളെടുക്കാനൊരുങ്ങുകയാണ് മുംബൈ പൊലീസ് ഇപ്പോൾ. അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകളും പൊലീസ് പരിശോധിക്കും.

യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബൈയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്‍പി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

അതേസമയം, വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയും വിഷയത്തോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, വിഷയം ചർച്ച ചെയ്യേണ്ടത് തന്നെയാണെന്നും എന്നാൽ മക്കൾ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നതെന്തിന് എന്നായിരുന്നു സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലന്‍റെ പ്രതികരണം.

”ഏതെങ്കിലുമൊരു വ്യക്തിയുമായോ ഒരു പാർട്ടിയുമായോ ഇതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അതുകൊണ്ട് കുട്ടികളെന്തെങ്കിലും ചെയ്യുന്നതിന്‍റെ ഭാഗമായിട്ട് ഒരു നേതാവിനെയോ പ്രസ്ഥാനത്തെയോ ക്രൂശിക്കുന്നതോ, കോർണർ ചെയ്യുക എന്നതോ ഗുണമുള്ള കാര്യമല്ല”, പി ആർ ചേംബറിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ എ കെ ബാലൻ പറഞ്ഞു.

സമാനമായ പ്രതികരണമായിരുന്നു മന്ത്രി ജെ. മേഴ്‍സിക്കുട്ടിയമ്മയുടേതും. ”പാർട്ടിയിൽ ആരും ഇതിൽ ഇടപെടാൻ പോകുന്നില്ല. ആരാണോ തെറ്റ് ചെയ്തത് അവർ അനുഭവിക്കും എന്നതല്ലാതെ പാർട്ടിക്ക് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവുമില്ല”, മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞു.

അതേസമയം, കേസിന് പാർട്ടിയുമായുള്ള ബന്ധമില്ലെന്ന സിപിഎം നേതാക്കളുടെ നിലപാട് തള്ളി കേസ് രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസ്. ”ഇവിടെ നവോത്ഥാനത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും പറയുന്ന ആളുകൾ, ആ പാർട്ടിക്ക് ധാർമികമായ ഉത്തരവാദിത്തമുണ്ടെങ്കിൽ, ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതാണ്”, എന്ന് മുല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മിലെന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന് ചെന്നിത്തല. ”കാര്യങ്ങളത്ര സുഗമമല്ല, അത് കണ്ടാലറിയാമല്ലോ”, എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം

You might also like

-