ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നാണ് മുംബൈ പൊലീസ് .
യുവതി പീഡന പരാതി നൽകിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നാണ് മുംബൈ ഡിസിപിയുടെ വിലയിരുത്തൽ. ബിനോയ് വിദേശത്തേക്ക് കടന്നോ എന്ന് അന്വേഷിക്കുകയാണെന്നും മുംബൈ ഡിസിപി മഞ‌്ജുനാഥ് ഷിൻഡേ പറഞ്ഞു.
ബിനോയ് കോടിയേരിക്ക് നാളെത്തെ കോടതി ഉത്തരവ് ഏറെ നിര്‍ണായകമാകും. യുവതി പീഡന പരാതി നൽകിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബിനോയ് നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതിയുടെ ഉത്തരവ് നാളെ വരാനിരിക്കെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. നാളെ ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന ലഭിച്ചതോടെയാണ് മുംബൈ പൊലീസിന്‍റെ ഈ നീക്കം.
ജൂൺ പതിമൂന്നിന് യുവതി പീഡന പരാതി നൽകിയപ്പോൾ അത് നിഷേധിച്ച ബിനോയ്, മുംബൈ പൊലീസ് കേരളത്തിൽ എത്തിയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു. സംഘം ഒരാഴ്ച തെരച്ചിൽ നടത്തിയിട്ടും പ്രതിയെക്കുറിച്ച് സൂചനകളൊന്നും കിട്ടിയിരുന്നില്ല. ബിനോയ് എവിടെയെന്ന കാര്യത്തിൽ ഒരു സൂചനയും ഇല്ലാത്തതിനാൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചാൽ പൊലീസ് അന്വേഷണത്തോട് ബിനോയ് സഹകരിക്കുമെന്നാണ് സൂചന. നിലവിൽ അറസ്റ്റിന് കോടതിയുടെ വിലക്കില്ലെങ്കിലും കോടതിയുടെ തീരുമാനം വരും വരെ അറസ്റ്റ് നടപടി വേണ്ടെന്നായിരുന്നു പൊലീസ് തീരുമാനം.
എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന് ബിനോയിയുടെ പാസ്പോർട്ട് രേഖകളും കേസ് സംബന്ധിച്ച വിവരവും കൈമാറിയതായി മുംബൈ പൊലീസ് വക്താവ് ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഷിൻഡെ അറിയിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ ബിനോയ് രാജ്യം വിടുന്നത് തടയാനായി വിമാനത്താവളങ്ങളിലും നിരീക്ഷണം നടത്തുന്നുണ്ട്. കോടതി ഉത്തരവ് വന്നതിന് ശേഷം ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് കേസിലെ തുടർ നടപടി ആലോചിക്കും. പരാതിക്കാരിയുടെ രഹസ്യമൊഴി ഈ ആഴ്ചതന്നെ രേഖപ്പെടുത്താനും മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.