‘ഇഡി ഇഷ്ടമുള്ളത് ചെയ്യട്ടെ’ ആശുപത്രിയില്‍ വീട്ടിലെ റെയ്ഡ് നെകുറിച്ച മാധ്യമങ്ങളോട് പ്രതികരിച്ചു ബിനീഷ്
ഇ.ഡി തന്നെ കൊണ്ടുവെച്ചതാണെന്ന് ആരോപിച്ച് മഹസര്‍ രേഖകളില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചു.
ബെംഗളൂരു ; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യട്ടെയെന്ന് ബിനീഷ് കോടിയേരി. ബെംഗളൂരുവില്‍ ഇഡി കസ്റ്റഡിയിലുള്ള ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വീട്ടില്‍ നടത്തിയത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരിച്ചത്. എന്നാൽ മാധ്യമപ്രവര്‍ത്തകരുടെ മറ്റു ചോദ്യങ്ങള്‍ക്ക് ബിനീഷ് മറുപടി നല്‍കിയില്ല. തുടര്‍ച്ചയായ എട്ടാം ദിവസവും ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. രാവിലെ എട്ടരയോടെ വില്‍സണ്‍ ഗാര്‍ഡണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ശാന്തിനഗറിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫീസിലെത്തിച്ചു. പത്തരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. ബിനീഷിന്റെ ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, പഞ്ചാബ് നാഷണല്‍ എന്നീ ബാങ്കുകളിലുള്ള അക്കൗണ്ടുകളില്‍ കൂടി നടന്ന ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേസമയം ബനീഷിന്റെ തിരുവനന്തപുരത്തെ പ്രധാന ബെനാമിയെന്ന് ആരോപിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇതുവരെ ഇ.ഡിക്കു മുന്നില്‍ ഹാജരായിട്ടില്ല.
നേരത്തെ നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ക്വാറന്റീന്‍ കാരണം രണ്ടാം തിയ്യതിക്കു ശേഷമേ ഹാജരാകാന്‍ കഴിയൂവെന്നായിരുന്നു ഇയാള്‍ ഇഡിയെ അറിയിച്ചിരുന്നത്. ഇന്നലെ കാര്‍ പാലസില്‍ റെയ്ഡ് നടക്കുമ്പോഴും അബ്ദുള്‍ ലത്തീഫ് ഉണ്ടായിരുന്നില്ല. ഇന്നലെ മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഹാജരാകുകയാണെങ്കില്‍ ബിനീഷിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.
ഇതിനിടെ, ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂറിനുശേഷം പൂര്‍ത്തിയാക്കി. ഭാര്യാമാതാവിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. റെയ്ഡിനിടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്‍റെ കുടുംബവും റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ഇ.ഡി വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നാണ് ഇഡി അവകാശപ്പെടുന്നത്. എന്നാല്‍ ഇത് ഇ.ഡി തന്നെ കൊണ്ടുവെച്ചതാണെന്ന് ആരോപിച്ച് മഹസര്‍ രേഖകളില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചു.