ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
ബിനീഷിന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു. സമാനമായ കേസുകളിൽ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ബംഗളൂരു: ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ബിനീഷിനെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.അതേസമയം, ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാനായി ഇഡി ഒരാഴ്ചത്തെ സമയം ആവഷ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. പണവും സ്വാധീനവുമുള്ള വ്യക്തിയായതിനാല്‍ ബിനീഷിന് ജാമ്യം നല്‍കരുതെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, കേസുമായി ബന്ധമില്ലാത്തവര്‍ കേസിന്റെ വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കുന്നുവെന്നും ഇത് തടയണമെന്നുമുള്ള ബിനീഷിന്റെ ആവശ്യം കോടതി തള്ളി. കേസിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇത് സാധാരണമാണെന്നും വ്യക്തമാക്കിയാണ് കോടതി ആവശ്യം തള്ളിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്.എന്നാല്‍ ബിനീഷിന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു. സമാനമായ കേസുകളിൽ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.