എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ബിനീഷിൻറെ കുടുംബവും തമ്മിൽ തര്ക്കം
ബിനീഷിന്റെ വീട്ടിൽ നിന്നും ഇ ഡി കണ്ടത്തായി പറയുന്ന അനൂപ് മുഹമ്മദിൻ്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെത്തിയ വസ്തുക്കൾ ഇ ഡി കൊണ്ട് വന്ന് വച്ചതെന്ന് ബിനീഷിൻ്റെ കുടുംബം ആരോപിക്കുന്നു.
ഇന്നലെ 9 മണിയോടെ ബിനീഷിന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ സംഘം 20 മണിക്കൂറിലേറെയായി വീട്ടില്‍ തുടരുന്നു.
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുന്നു. പരിശോധനയ്ക്കായി ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്.
ബിനീഷിന്റെ വീട്ടിൽ നിന്നും ഇ ഡി കണ്ടത്തായി പറയുന്ന അനൂപ് മുഹമ്മദിൻ്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെത്തിയ വസ്തുക്കൾ ഇ ഡി കൊണ്ട് വന്ന് വച്ചതെന്ന് ബിനീഷിൻ്റെ കുടുംബം ആരോപിക്കുന്നു. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.
അതേസമയം ബിനീഷ് കോടിയേരിയുടെ കുടുംബത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നുവെന്ന് അഭിഭാഷകന്‍ മുരിക്കുംപുഴ വിജയകുമാര്‍. രാവിലെ ഒന്‍പതുമണിയോടെയാണ് ബിനീഷിന്റെ മരുതംകുഴിയിലുള്ള വീട്ടില്‍ പരിശോധന ആരംഭിച്ചത്. പരിശോധന 13 മണിക്കൂര്‍ പിന്നിട്ടിട്ടും റെയ്ഡ് അവസാനിപ്പിക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അഭിഭാഷകന്‍ വീട്ടിലേക്ക് എത്തിയത്. എന്നാല്‍ അഭിഭാഷകനെ വീടിനുള്ളിലേക്ക് കടത്തിവിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അനുവദിച്ചില്ല.
അഭിഭാഷകനോട് ബിനീഷിന്റെ ഭാര്യ മഹസര്‍ രേഖകളില്‍ ഒപ്പിടുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞത്. എന്നാല്‍ ഭാര്യ പ്രതിയല്ലാത്തതിനാല്‍ ഒപ്പിടേണ്ടതില്ലെന്ന നിയമവശം അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. ഇഡി സംഘം വിവരങ്ങള്‍ നല്‍കുന്നില്ലെന്നും ബിനീഷിന്റെ കുടുംബത്തെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നുവെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.