ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല
ഡാളസ് കേരള അസ്സോസിയേഷന്‍ സംഘടിപ്പിച്ച പൗര സ്വീകരണത്തിന് മറുപടി പറയവെയാണ് ഹര്‍ത്താലിനെതിരെ ശക്തമായി രമേശ് പ്രതികരിച്ചത്.
ഗാര്‍ലന്റ്(ഡാളസ്): കേരളത്തിലെ സാധാരണ ജനജീവിതം സ്തംഭിപ്പിക്കുകയും, വിനോദ സഞ്ചാരികള്‍ക്കും കേരളം സന്ദര്‍ശിക്കുന്ന പ്രവാസി മലയാളികള്‍ക്കും ഒരു പോലെ ദുരിതം വിതറുകയും ചെയ്യുന്ന അപ്രതീക്ഷ ഹര്‍ത്താല്‍ പരിപൂര്‍ണ്ണമായി നിരോധിക്കുകയോ, കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യുന്ന ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിക്കുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറപ്പുനല്‍കി. ഹര്‍ത്താല്‍ ആവശ്യമെങ്കില്‍ ചുരുങ്ങിയത് ഏഴുദിവസം മുമ്പ് ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി വാങ്ങുന്നതിനുള്ള വകുപ്പു ബില്ലില്‍ ഉള്‍പ്പെടുത്തുമെന്നും രമേശ് പറഞ്ഞു. അനാവശ്യ ഹര്‍ത്താലുകള്‍ക്ക് കോണ്‍ഗ്രസു തികച്ചും എതിരാണെന്നും, നിലവിലുള്ള നിയമങ്ങള്‍ ഹര്‍ത്താല്‍ നിരോധിക്കുന്നതിന് തികച്ചും അപര്യാപ്തമാണെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയല്ല മറിച്ച്. ചര്‍ച്ചകളാണ് ആവശ്യമെന്ന് രമേശ് പറഞ്ഞു.
ഏപ്രില്‍ 28 ഞായറാഴ്ച വൈകീട്ട് 4 മണിക്ക്, ഡാളസ് കേരള അസ്സോസിയേഷന്‍ സംഘടിപ്പിച്ച പൗര സ്വീകരണത്തിന് മറുപടി പറയവെയാണ് ഹര്‍ത്താലിനെതിരെ ശക്തമായി രമേശ് പ്രതികരിച്ചത്. കേരളത്തിന്റെ സാമ്പത്തികരംഗം ശക്തിപ്പെടുത്തുന്നതിനും, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അമേരിക്കന്‍ മലയാളികള്‍ സുപ്രധാന പങ്കു വഹിക്കുന്നത് തികച്ചും അഭിനന്ദനാര്‍ഹമാണെന്നും രമേശ് പറഞ്ഞു. കേരളം കണ്ട ഏറ്റവും ഭീകരവെള്ളപൊക്കകെടുതിയില്‍ ഗവണ്‍മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവെങ്കിലും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് തികച്ചും പരാജയമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി. അസ്സോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്തു സ്വാഗതവും, ഡാനിയേല്‍ കുന്നേല്‍ നന്ദിയും പറഞ്ഞു. കേരള അസ്സോസിയേന്‍ മുന്‍ പ്രസിഡന്റ് രമണികുമാര്‍ രമേശിനെ സദസ്സിന് പരിചയപ്പെടുത്തി.