ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; ഗുജറാത്ത് സർക്കാരിന് തിരിച്ചടി, പ്രതികളെ വിട്ടയച്ചത് റദ്ദാക്കി സുപ്രീംകോടതി

നിയമം അനുസരിച്ച് എടുക്കേണ്ട തിരുമാനം അല്ല ഗുജറാത്ത് സർക്കാരിൽ നിന്ന് ഉണ്ടായത്. അധികാരം ഇല്ലാത്ത അധികാരിയാണ് ഉത്തരവ് ഇറക്കിയതെന്നും ഗുജറാത്ത് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. സുപ്രീംകോടതിയിൽ എന്തു കൊണ്ട് ഗുജറാത്ത് പുനപരിശോധന ഹർജി നൽകിയില്ലെന്ന് കോടതി ചോദിച്ചു.

0

ഡൽഹി | ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ​വിട്ടയച്ച വിധി റദ്ദാക്കി സുപ്രീംകോടതി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാരിനായിരുന്നുവെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ പരാമർശം. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറഞ്ഞത്.പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തിൽ പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നുവെന്ന് കോടതി പറഞ്ഞു. പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 2022ലെ മുൻ സുപ്രീകോടതി വിധി അസാധുവാണെന്ന് കോടതി പറഞ്ഞു. പ്രതികൾ സുപ്രീംകോടതിയിൽ നിന്ന് നേരത്തെ അനുകൂല വിധി നേടിയത് തട്ടിപ്പിലൂടെയാണ്. യഥാർത്ഥ വിവരങ്ങൾ മറച്ചുവച്ചാണ് വിധി നേടിയത്. ഗുജറാത്ത് സർക്കാരിൻ്റെ ഉത്തരവ് നിയമപരമല്ല. നിയമം അനുസരിച്ച് എടുക്കേണ്ട തിരുമാനം അല്ല ഗുജറാത്ത് സർക്കാരിൽ നിന്ന് ഉണ്ടായത്. അധികാരം ഇല്ലാത്ത അധികാരിയാണ് ഉത്തരവ് ഇറക്കിയതെന്നും ഗുജറാത്ത് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. സുപ്രീംകോടതിയിൽ എന്തു കൊണ്ട് ഗുജറാത്ത് പുനപരിശോധന ഹർജി നൽകിയില്ലെന്ന് കോടതി ചോദിച്ചു. മഹാരാഷ്ട്ര സർക്കാരിൻ്റെ അധികാരത്തെ ഗുജറാത്ത് സർക്കാർ മറികടന്നു. മഹാരാഷ്ട്രയുടെ അധികാരം ഗുജറാത്ത് സർക്കാർ തട്ടിയെടുത്തുവെന്നും കോടതി വിമർശിച്ചു.

ഇന്നത്തെ സുപ്രീം കോടതി വിധിയോടെ ബിൽക്കിസ് ബാനോവിന് നീതി ലഭിച്ചുവെന്ന കേസിലെ സാക്ഷി. ഗുജറാത്ത് സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയും കുറ്റവാളികളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തതിൽ സന്തോഷമുണ്ടെന്നും പ്രതികരണം. സുപ്രീം കോടതി വിധിയിൽ ബാനോവിന്റെ ബന്ധുക്കൾ പടക്കം പൊട്ടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.

‘കേസിലെ സാക്ഷികളിൽ ഒരാളാണ് ഞാൻ. ഈ 11 പ്രതികൾക്ക് മഹാരാഷ്ട്ര കോടതിയാണ് ശിക്ഷ വിധിച്ചത്. ഇവരെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം തെറ്റായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അതിനെ കോടതിയിൽ ചോദ്യം ചെയ്തത്. ഗുജറാത്ത് സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കുകയും കുറ്റവാളികളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തതിൽ സന്തോഷമുണ്ട്. ഞങ്ങൾക്ക് ഇന്ന് നീതി ലഭിച്ചു’- കേസിലെ സാക്ഷികളിലൊരാളായ അബ്ദുൾ റസാഖ് മൻസൂരി പറഞ്ഞു.ഗുജറാത്തിലെ ദേവഗഡ് ബാരിയയിലുള്ള ബിൽക്കിസ് ബാനോയുടെ അകന്ന ബന്ധുക്കൾ പടക്കം പൊട്ടിച്ചാണ് സുപ്രീം കോടതി വിധിയെ സ്വീകരിച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരുടെ ശിക്ഷാ ഇളവ് സുപ്രീം കോടതി നേരത്തെ റദ്ദാക്കുകയും രണ്ടാഴ്ചയ്ക്കകം കീഴടങ്ങാനും ഉത്തരവിട്ടിരുന്നു.

കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്‌ത്രയും അടക്കംസമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പറഞ്ഞത്. കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

You might also like

-