ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ നിന്നും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ അടക്കം പതിമൂന്നു കോടി പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ്

6000 കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം നൽകിയതായി അധികൃതർ കണ്ടെത്തി. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു.

0

തിരുവല്ല ;ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡില്‍ ഇതുവരെ 13 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. ഇന്നലെ നടന്ന പരിശോധനയില്‍ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്നും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. വന്‍തോതില്‍ വിദേശ സഹായം കൈപ്പറ്റി വകമാറ്റിയതായി കണ്ടെത്തിയതോടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.ബിലീവേഴ്‌സ് ചർച്ച് ചാരിറ്റിക്ക് എത്തിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി ആധായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 6000 കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം നൽകിയതായി അധികൃതർ കണ്ടെത്തി. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു.

നികുതി നിയമങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതോടെ ബുധനാഴ്ച മുതലാണ് ബിലിവേഴ്സ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളിലായി രണ്ട് ദിവസത്തെ റെയ്ഡ് പിന്നിടുമ്പോള്‍ വന്‍ കുംഭകോണത്തിന്റെ വിവരങ്ങള്‍ ലഭിച്ചതായാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവർത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നികുതി നിയമങ്ങളെ മറികടക്കാനും കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിച്ചും ചെലവുകള്‍ പെരുപ്പിച്ച് കാട്ടിയാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍ ഈ തട്ടിപ്പിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ക്കായും ക്രമക്കേടുകളിലെ പങ്കാളികള്‍ക്ക് വേണ്ടിയും കേന്ദ്ര സംഘം വലവിരിച്ചു കഴിഞ്ഞു. അതേസമയം വിവിധ സ്ഥാപനങ്ങളിലായി ഇന്നലെ നടന്ന പരിശോധനയും രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. ഇതുവരെ സഭാ ആസ്ഥാനത്ത് നിന്നടക്കം 13 കോടി രൂപയുടെ കള്ളപ്പണമാണ് പരിശോധനയില് കണ്ടെത്തിയത്. ഇതില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ കൂടി ഉള്‍പ്പെട്ടതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരും ദിവസങ്ങളിലും ആദായ നികുതി വകുപ്പ് ബിലിവേഴ്സ് സ്ഥാപനങ്ങളില്‍ പരിശോധന തുടരുമെങ്കിലും കൂടുതല്‍ കേന്ദ്ര ഏജന്‍സികളും ഇതിന്റെ ഭാഗമാകുമെന്നാണ് സൂചന.അതേസമയം ബിലീവേഴ്‌സ് ചർച്ച് പണമിടപാട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ബിലീവേഴ്‌സ് ചർച്ചിന് മറവിൽ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

You might also like

-