കെവിൻ വധക്കേസിൽ ഒന്നാം പ്രതി ഉൾപ്പടെ പന്ത്രണ്ട് പ്രതികളെ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു തിരിച്ചറിഞ്ഞു.

ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവർ മേയ് 27 ന് പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി.

0

കോട്ടയം: കെവിൻ വധക്കേസിൽ ഒന്നാം പ്രതി ഉൾപ്പടെ പന്ത്രണ്ട് പ്രതികളെ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു തിരിച്ചറിഞ്ഞു. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവർ മേയ് 27 ന് പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി. തട്ടുകടയിൽ ഇതിനിടെ പ്രതികളുമായി തർക്കമുണ്ടായെന്നും, ഷാനു ചാക്കോയാണ് പണം നൽകിയതെന്നും ബിജു കോടതിയിൽ പറഞ്ഞു.

കെവിനുമായുള്ള വിവാഹ ശേഷം നീനു താമസിച്ച ഹോസ്റ്റലിന്‍റെ നടത്തിപ്പുകാരൻ ബെന്നി ജോസഫും കോടതിയിൽ മൊഴി നൽകി. കെവിനും മുഖ്യ സാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലിൽ എത്തിച്ചതെന്നും ഒരു വർഷം താമസ സൗകര്യം വേണമെന്നാണ് പറഞ്ഞതെന്നും സാക്ഷി ബെന്നി വ്യക്തമാക്കി. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ട് പോയതറിഞ്ഞ് അനീഷിന്‍റെ ബന്ധു സന്തോഷ് ഹോസ്റ്റലിൽ വന്നെന്നും ബെന്നി പറഞ്ഞു.

നീനുവിനെ കൈമാറിയാൽ അനീഷിനെ മോചിപ്പിക്കാമെന്ന് പ്രതികൾ പറഞ്ഞതായും സന്തോഷ് ബെന്നിയെ അറിയിച്ചിരുന്നു. എന്നാൽ കെവിനോ അനീഷോ നേരിട്ട് എത്താതെ നീനുവിനെ പുറത്തു വിടില്ലെന്ന് പറഞ്ഞതായാണ് ബെന്നിയുടെ മൊഴി. ഗാന്ധിനഗർ പോലീസ് പിന്നീട് നീനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും ആറാം സാക്ഷി വ്യക്തമാക്കി.

ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്‍റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ ആറ് വരെ തുടർച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.

You might also like

-