ബിഹാറിൽ വകുപ്പ് വിഭജനം ഇന്ന് എൻ.ഡി.എ യോഗം ഇന്ന്
പ്രധാനപ്പെട്ട വകുപ്പുകൾ വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ബി.ജെ.പി. സ്പീക്കർ പദവിയും ബിജെപി ഏറ്റെടുക്കാനാണ് സാധ്യത.
പട്ന :ബിഹാറിൽ നിതീഷ് കുമാർ മന്ത്രിസഭയുടെ വകുപ്പ് വിഭജനം ഇന്നുണ്ടായേക്കും മന്ത്രിമാരെയും വകുപ്പുകൾ വീതവക്കുന്നതിനുമായി ബന്ധപെട്ടു ഇന്ന് ചേരുന്ന എൻ.ഡി.എ യോഗം ചർച്ച ചെയ്യും. പ്രധാനപ്പെട്ട വകുപ്പുകൾ വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ബി.ജെ.പി. സ്പീക്കർ പദവിയും ബിജെപി ഏറ്റെടുക്കാനാണ് സാധ്യത.തുടർച്ചയായ അഞ്ചാം തവണയാണ് നിതീഷ് കുമാർ ബീഹാറിന്‍റെ മുഖ്യമന്ത്രി ആകുന്നത്. നിതീഷ് അടക്കം 14 പേർ ഗവർണർ ഫാഗു ചൗഹാന്‍റെ മുന്നിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു. ആറു പേർ ജെ.ഡി.യുവിൽ നിന്നും ഉപ മുഖ്യമന്ത്രിമാരായ തർകിഷോർ പ്രസാദ്, രേണു ദേവി എന്നിവർ അടക്കം ആറു പേർ ബി.ജെ.പിയിൽ നിന്നും സത്യപ്രതിജ്ഞ ചെയ്തു.
ഘടക കക്ഷികളായ ഹിന്ദുസ്ഥാൻ അവാം മോർച്ച, വികാസ് ശീൽ ഇൻസൻ പാർട്ടി എന്നിവർക്ക് ഓരോ മന്ത്രി സ്ഥാനം ലഭിച്ചു. നിതിഷിന്‍റെ വിശ്വസ്തനും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയെ ഇത്തവണ ബി.ജെ.പി പരിഗണിച്ചില്ല.സുശീൽ മോദിക്ക് കേന്ദ്ര മന്ത്രി സ്ഥാനം നൽകുമെന്നാണ് വിവരം. ഒ. ബി.സി വിഭാഗത്തിൽ പെട്ട താർ കിഷോറും ഒ.ഇ.സി വിഭാഗത്തിൽ പെട്ട രേണു ദേവിയും ഉപ മുഖ്യമന്ത്രിമരാകുന്നത് പാർട്ടിയുടെ അടിത്തറ വിപുലമാക്കാൻ ഗുണകരമാകുമെന്ന് ബി.ജെ.പി കണക്ക് കൂട്ടുന്നു. ഫലത്തിൽ അടുത്ത അഞ്ചു വർഷത്തെ ഭരണ കാലത്ത് നിതിഷിനെ നിയന്ത്രിക്കാനും പാർട്ടിയെ വളർത്താനും ബി.ജെ.പിക്ക് കഴിയും. സ്പീക്കര്‍ പദവിയും ബി.ജെ.പി ഏറ്റെടുത്തേക്കും. പ്രധാനപ്പെട്ട വകുപ്പുകളായ ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ ആര് കൈകാര്യം ചെയ്യുമെന്ന കാര്യം ഇന്ന് തീരുമാനിക്കും.