കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.
5 പേരിൽ നിന്നായി 3.53 കോടിയുടെ സ്വർണം പിടികൂടി.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 5 പേരിൽ നിന്നായി 3.53 കോടിയുടെ സ്വർണം പിടികൂടി. രണ്ട് പേരിൽ നിന്ന് 4.8 കിലോ സ്വർണവും 3 പേരിൽ നിന്ന് മിശ്രിത രൂപത്തിൽ ആക്കിയ 3.809 കിലോ സ്വർണവും ആണ് പിടിച്ചെടുത്തത്. കരിപ്പൂരിലെ സമീപകാലത്തെ ഏറ്റവും മൂല്യമേറിയ സ്വർണവേട്ട ആണിത്.
കണ്ണൂർ മാവിലായി സ്വദേശി അഫ്താബ് ,കോഴിക്കോട് പാറക്കടവ് സ്വദേശി അജ്മൽ എന്നിവരാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ടേബിൾ ഫാനിൻ്റെ ബാറ്ററിയുടെ ഉള്ളിൽ ആണ് അഫ്താബ് 2099 ഗ്രാം സ്വർണ്ണം ഒളിപ്പിച്ചത്. 18 ചതുര കഷ്ണങ്ങളാക്കി വെള്ളി നിറത്തിൽ പൊതിഞ്ഞാണ് ഒളിപ്പിച്ചിരുന്നത്. അഫ്താബിനെ മഞ്ചേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എമർജൻസി ലാബിൻ്റെ ബാറ്ററിയിൽ ഒളിപ്പിച്ച് 1983 ഗ്രാം സ്വർണം ആണ് അജ്മൽ കടത്താൻ ശ്രമിച്ചത്. ബാറ്ററിയുടെ അകത്ത് 17 കഷ്ണങ്ങൾ ആയിട്ട് ആയിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.
കണ്ണൂർ സ്വദേശി നിസാമുദ്ദീൻ, മുക്കം സ്വദേശി മുജീബ് റഹ്മാൻ എന്നിവർ ആണ് മിശ്രിത രൂപത്തിൽ സ്വർണ്ണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 1339 ഗ്രാം സ്വർണ മിശ്രിതം നിസാമുദ്ദീൻ 5 ക്യാപ്സ്യൂളുകളിലാക്കിയാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത്.
മുക്കം സ്വദേശി മുജീബ് റഹ്മാൻ 5 ക്യാപ്സുളുകളിൽ 1071 ഗ്രാം സ്വർണ മിശ്രിതം ആണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. അഫ്താബ് ഒഴികെ മറ്റ് മൂന്ന് പ്രതികൾക്കും ജാമ്യം ലഭിച്ചു. നാല് കേസുകളിലായി പിടിച്ചെടുത്ത സ്വർണത്തിൻ്റെ വിപണി മൂല്യം 2.98 കോടി രൂപ ആണ്.
എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമീഷണർ കിരൺ ടി എ, സുപ്രണ്ടുമാർ ആയ ഐസക് വർഗീസ് , പ്രേംപ്രകാശ് മീണ ഇൻസ്പെക്ടർമാരായ രാജീവ് കെ, മിനിമോൾ ടി , ഹെഡ് ഹവിൽദാർ എംഎം രവീന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.