അമേരിക്കയില്‍ പ്രവേശനം അനുവദിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് ബൈഡന്‍
ട്രംപിന്റെ ഭരണത്തില്‍ അഭയാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ കര്‍ശന നിയന്ത്രണവും എണ്ണത്തില്‍ കുറവും വരുത്തിയത് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. 15,000 പേര്‍ക്കു മാത്രമേ ട്രംപ് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ
വാഷിങ്ടന്‍ : ഓരോ വര്‍ഷവും അമേരിക്കയില്‍ പ്രവേശിപ്പിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന വരുത്തുന്നതായി മെയ് 3 തിങ്കളാഴ്ച ബൈഡന്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി പ്രതിവര്‍ഷം 15,000 ത്തില്‍ നിന്നും 62,500 ആയി ഉയര്‍ത്തുന്നതിനാണു ബൈഡന്റെ തീരുമാനം.ട്രംപിന്റെ ഭരണത്തില്‍ അഭയാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ കര്‍ശന നിയന്ത്രണവും എണ്ണത്തില്‍ കുറവും വരുത്തിയത് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. 15,000 പേര്‍ക്കു മാത്രമേ ട്രംപ് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.
ബൈഡന്‍ അധികാരത്തിലെത്തി നൂറു ദിവസം പിന്നിട്ടിട്ടും അഭയാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ അനുകൂല തീരുമാനം സ്വീകരിക്കാത്തതില്‍ ഡമോക്രാറ്റിക് സെനറ്റര്‍മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു.അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ ഇതുവരെ രാഷ്ട്രം മൂല്യാധിഷ്ഠിത തീരുമാനമാണ് സ്വീകരിച്ചിരുന്നുതെന്നും അതു തുടര്‍ന്നു കൊണ്ടുപോകുക എന്നതാണ് നയമെന്നും ബൈഡന്‍ വ്യക്തമാക്കി. കഴിഞ്ഞ പ്രസിഡന്റുമാര്‍ ഇത് കാത്തു സൂക്ഷിച്ചിരുന്നതായും ബൈഡന്‍ പറഞ്ഞു.
അതേ സമയം അതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ ബൈഡന്‍ ഭരണകൂടം പരാജയപ്പെട്ടുവെന്നു ടെക്‌സസ് ഉള്‍പ്പെടെ പന്ത്രണ്ടു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ആരോപിച്ചു. ഇതിന് പരിഹാരം കണ്ടെത്തുന്നില്ലെങ്കില്‍ പ്രതിഷേധവുമായി എത്തുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.അഭയാര്‍ഥികളുടെ പ്രശ്‌നം പഠിച്ചു പരിഹാരം കണ്ടെത്തുന്നതിന് ബൈഡന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നയതന്ത്രതലത്തില്‍ വിഷയം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് കമല ഹാരിസ് പറഞ്ഞു.