കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്തേക്കും
കന്യാസ്ത്രീയുടെ പീഡന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ജലന്ധറിൽ എത്തിയ കേരള പൊലീസ് ഇതിനോടകം പത്തിലധികം പേരിൽനിന്ന് മൊഴി രേഖപ്പെടുത്തി.
ഡൽഹി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും.പഞ്ചാബ് പൊലീസുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. അതിനിടെ ജലന്ധറിലെ തെളിവെടുപ്പ് ഇന്ന് പൂർത്തിയാക്കാനാകും എന്നാണ് അന്വേഷണ സംഘത്തിന് പ്രതീക്ഷ.കന്യാസ്ത്രീയുടെ പീഡന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ജലന്ധറിൽ എത്തിയ കേരള പൊലീസ് ഇതിനോടകം പത്തിലധികം പേരിൽനിന്ന് മൊഴി രേഖപ്പെടുത്തി. ചില സൈബർ തെളിവുകളും അന്വേഷണസംഘം സ്വീകരിച്ചതായാണ് സൂചന. ബിഷപ്പിന് അനുകൂലമായും പ്രതികൂലമായുമുള്ള മൊഴികളിലെ വൈരുദ്ധ്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഏറ്റവും അവസാന ഘട്ടമെന്ന നിലയിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യം ചെയ്യുക. പഞ്ചാബ് പൊലീസിൻറെ നിർദ്ദേശം കൂടി പരിഗണിച്ചാവും ചോദ്യം ചെയ്യൽ.
ഞായറാഴ്ച വിശ്വാസികൾ പള്ളിയിൽ ഉള്ള സമയത്ത് ചോദ്യം ചെയ്താൽ അത് ക്രമസമാധാന പ്രശ്നമുണ്ടാക്കും എന്ന ആശങ്കയുമുണ്ട്. തെളിവുകൾ പൂർണ്ണമായി പരിശോധിച്ച ശേഷം മാത്രം ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുത്താൽ മതി എന്നാണ് അന്വേഷണസംഘത്തിന് നിലപാട്.