അറസ്റ്റ് ഉടൻ ,ജലന്ധര്‍ ബിഷപ്പ് ചുമതല കൈമാറി

ബിഷപ്പിനെതിരെ സഭാതല നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടന്ന സൂചനകൾ ലഭിച്ചതോടെ ആവേശത്തിലാണ് സമരപ്പന്തല്‍. ബിഷപ്പിന്റെ അറസ്റ്റുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികൾ വ്യക്തമാക്കി.

0

ഡൽഹി :ചോദ്യം ചെയ്യലിന് കേരളത്തിലെത്തുമ്പോൾ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ .ജലന്ധര്‍ രൂപതയുടെ ചുമതല കൈമാറി   . ഫാ. മാത്യു കോക്കണ്ടത്തിനാണ് പകരം ചുമതല. അന്വേഷണ സംഘം വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് പോകുന്നതെന്ന് ബിഷപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ബിഷപ്പ് കേരളത്തില്‍ എത്തുന്നതിന് മുമ്പ് തെളിവുശേഖരണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനായി കേരളത്തിലേക്ക് പോകുന്നുവെന്നാണ് ചുമതലകള്‍ കൈമാറിക്കൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇറക്കിയ സര്‍ക്കുലറില്‍ പറുയന്നത്. താത്കാലികമായി ചുമതല ഫാദര്‍ മാത്യു കോക്കണ്ടത്തിനാണ് കൈമാറിയത്. ഇദ്ദേഹത്തെ സഹായിക്കാന്‍ ബിഷപ്പിന്റെ വിശ്വസ്തരായ മൂന്ന് വൈദികരെ കൂടി നിയോഗിച്ചിട്ടുണ്ട്. തനിക്ക് വേണ്ടിയും പരാതിക്കാരിയുടെ മാനസാന്തരത്തിന് വേണ്ടിയും പ്രാര്‍ത്ഥികണമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ പറയുന്നു. ചുമതല കൈമാറ്റം സാധാരണ നടപടിക്രമാണെന്ന് പറയുന്നുണ്ടെങ്കിലും സര്‍ക്കുലര്‍ ഇറക്കി ഒരു ബിഷപ്പ് ചുമതലകള്‍ കൈമാറുന്നത് ഇത് ആദ്യമായിട്ടാണ്.

ചോദ്യം ചെയ്യലിന് മുമ്പ് ചുമതല കൈമാറിയത് വത്തിക്കാന്റെ ഇടപെടല്‍ മൂലമാണെന്ന സൂചനയും ഉണ്ട്. അതേസമയം ബിഷപ്പ് ഭരണ ചുമതല കൈമാറിയത് സമരം വിജയിക്കുന്നതിന്റെ സൂചനയാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു.അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മൊഴികളില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി മൂന്ന് സംഘങ്ങളായി തിരിച്ച് കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തുകയാണ്. അതേസമയം പരാതിക്കാരിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട സാഹചര്യത്തില്‍ മിഷണറീസ് ഓഫ് ജീസസിന് നോട്ടീസ് അയക്കാന്‍ പൊലീസ് തീരുമാനിച്ചു. പി.ആര്‍.ഒ സിസ്റ്റര്‍ അമലയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

ബിഷപ്പ് കേരളത്തിലേക്കെത്തുന്നതിന്റെ ഭാഗമായാണ് ചുമതല മറ്റൊരു വൈദികന് കൈമാറിയതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. അത് സ്വാഭാവിക നടപടിക്രമം മാത്രമാണ്.

അതേസമയം ബിഷപ്പിനെതിരായ കേസില്‍ വത്തിക്കാന്‍ ഇടപെട്ടേക്കുമെന്നും സൂചനയുണ്ട്. സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ ഒസ്വാൾ ഗ്രേഷ്യസ് സഭ മേലധ്യക്ഷന്‍മാരില്‍ നിന്ന് വിവരങ്ങള്‍ തേടി. ബിഷപ്പിനെതിരെ നടപടി വേണമെന്ന് മാർപാപ്പ നിർദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നുവെന്ന വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും സിസ്റ്റര്‍ അനുപമ മീഡിയവണിനോട് പറഞ്ഞു.

സമരക്കാർ ആവേശത്തിൽ

. ബിഷപ്പിനെതിരെ സഭാതല നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടന്ന സൂചനകൾ ലഭിച്ചതോടെ ആവേശത്തിലാണ് സമരപ്പന്തല്‍. ബിഷപ്പിന്റെ അറസ്റ്റുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികൾ വ്യക്തമാക്കി.

രാവിലെ 10 മണിയോടെ തന്നെ സമരപ്പന്തൽ നിറഞ്ഞ് കവിഞ്ഞിരുന്നു. കന്യാസ്ത്രീകൾ കൂടി എത്തിയതോടെ സമരാവേശം ഉച്ചസ്ഥായിലായി. ഇതിനിടെ ബിഷപ്പിനെ സഭാതല നടപടിക്ക് സാധ്യതയുണ്ടന്ന വാർത്തകൾ സമരക്കാരും അറിഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് ജനങ്ങൾ വാർത്തകളോട് പ്രതികരിച്ചത്. പ്രതിഷേധങ്ങൾക്ക് ഫലം കാണുന്നതിൽ സന്തോഷമുണ്ടന്നായിരുന്നു കന്യാസ്ത്രീകളുടെ ആദ്യ പ്രതികരണം.80 ദിവങ്ങളിലധികമായി വിവിധ നാടകങ്ങൾ കാണുന്നുണ്ടെന്നും സൂചനകൾ വിശ്വസിക്കാറായിട്ടില്ലന്നും സമരവേദിയിൽ നിന്നും പ്രതികരണമുയർന്നു.

കന്യാസ്ത്രീകൾക്ക് നീതി ലഭിക്കും വരെ സമരം തുടരുമെന്നും അറസ്റ്റ് എത്രയും വേഗം സാധ്യമാക്കണമെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിലേക്ക് വ്യാപിക്കാനും ജനകീയ സമിതി രൂപീകരിക്കാനുമാണ് സമര സമിതിയുടെ തീരുമാനം.

You might also like

-