കന്യാസ്ത്രീയുടെ ബലാല്‍സംഗ കേസില്‍ ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ നീക്കം

അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്‍റെ പശ്ചാലത്തലത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നത്. രാവിലെ ഹർജി സമർപ്പിച്ച് ഉച്ചയ്ക്ക് ശേഷം ബെഞ്ചിൽ കൊണ്ടുവരാനാണ് നീക്കം. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ നാളെ ഹാജരാകാനാണ് ബിഷപ്പിന് നോട്ടീസ് നൽകിയിരിക്കുന്നത്.

0

ഡൽഹി /കൊച്ചി:കന്യാസ്ത്രീയുടെ ബലാൽസംഗം പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും. ഹർജിയിൽ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് ആവശ്യപ്പെടാനാണ് നീക്കം. അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്‍റെ പശ്ചാലത്തലത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യാപേക്ഷ നൽകുന്നത്. രാവിലെ ഹർജി സമർപ്പിച്ച് ഉച്ചയ്ക്ക് ശേഷം ബെഞ്ചിൽ കൊണ്ടുവരാനാണ് നീക്കം. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ നാളെ ഹാജരാകാനാണ് ബിഷപ്പിന് നോട്ടീസ് നൽകിയിരിക്കുന്നത്.

ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റിന് നീക്കമുണ്ടായാൽ അത് തടയാനുളള വഴിയാണ് ബിഷപ്പ് തേടുന്നത്. ഹർജിയിൽ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് പൊലീസിനോട് നിർദേശിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെടും. ഇക്കാര്യത്തിൽ കോടതിയിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും നിർണായമാകും.

കന്യാസ്ത്രിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ട്, ഇക്കാര്യം പൊലീസ് തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്, ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ട് എന്നീ വാദങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കന്യാസ്ത്രികൾ അടക്കം കൊച്ചിയിൽ തുടരുന്ന സമരം സർക്കാരിന് മേലുളള സമ്മർദ്ദതന്ത്രമാണെന്നും പൊലീസ് അതിന് വഴിപ്പെടുമെന്ന് ഭയമുണ്ടെന്നും കോടതിയെ അറിയിക്കും.ഇന്നത്തെ കോടതി നടപടികൾക്ക് ശേഷമേ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്ന കാര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്തിമ തീരുമാനമെടുക്കൂ. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ കൊച്ചിയിലെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.

പരാതിക്കാരിയായ കന്യാസ്ത്രിയുടെ സഹോദരിയും സാമൂഹ്യപ്രവർ‍ത്തക ഗീതയുമാണ് നിരാഹാര സമരം നടത്തുന്നത്. അതേസമയം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. ബിഷപ്പ് കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനുളള നീക്കങ്ങളും സമരസമിതി തുടങ്ങിയിട്ടുണ്ട്.

You might also like

-