കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് ചോദ്യംചെയ്യുന്നു
അഞ്ഞൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളും അടങ്ങുന്നതാണ് ചോദ്യാവലി. നേരത്തെ ബിഷപ്പ് നൽകിയ മൊഴിയിലെ പൊരുത്തക്കേടുകളിൽ ഊന്നിയുള്ള ചോദ്യങ്ങളാകും ഉണ്ടാവുക.
കൊച്ചി:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നു. വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ.ഇന്ന് രാവിലെ 10 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പൊലീസ് നിർദേശം നൽകിയിരുന്നത്. എന്നാൽ ചോദ്യംചെയ്യൽ എവിടെ വെച്ചെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് എസ്.പി ഓഫീസിലെ ആധുനിക കേന്ദ്രത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യാൻ ഇന്നലെ വൈകിട്ടാണ് തീരുമാനിച്ചത്. ബിഷപ്പിനായുള്ള ചോദ്യാവലിയുമായി ബന്ധപ്പെട്ട് ഐ.ജി വിജയ് സാക്കറയുമായി ഒന്നര മണിക്കൂർ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്യൽ കേന്ദ്രത്തിലെത്തിയത്. പിന്നാലെ 11 മണിയോടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലും എസ്.പി ഓഫീസിലെത്തി.
കേസില്‍ ചോദ്യാവലി അനുസരിച്ചുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്. കോട്ടയം എസ് പി ഹരിശങ്കറാണ് ചോദ്യം ചെയ്യുന്നത്. കൊച്ചി ഡി സിപിയും വൈക്കം ഡിവൈ എസ് പിയും ഒപ്പമുണ്ട്. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീളാൻ സാധ്യതയെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് അത്യാവശ്യമായി വന്നാലുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് മെഡിക്കൽ സംഘവും ചോദ്യം ചെയ്യൽ കേന്ദ്രത്തിലുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ അറസ്റ്റ് കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ
അഞ്ഞൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളും അടങ്ങുന്നതാണ് ചോദ്യാവലി. നേരത്തെ ബിഷപ്പ് നൽകിയ മൊഴിയിലെ പൊരുത്തക്കേടുകളിൽ ഊന്നിയുള്ള ചോദ്യങ്ങളാകും ഉണ്ടാവുക. ഭാവവ്യത്യാസങ്ങൾ വരെ ഒപ്പിയെടുക്കുന്ന കാമറകൾക്ക് മുന്നിലെ ബിഷപ്പിന്റെ പ്രതികരണമാണ് കേസിൽ ഇനി നിര്‍ണായകമാവുക.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഐ.ജി ഓഫീസിലേക്ക് സമരസമിതി പ്രവർത്തകര്‍ മാര്‍ച്ച് നടത്തി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കന്യാസ്ത്രീകൾ വഞ്ചി സ്ക്വയറിൽ നടത്തുന്ന സമരം പന്ത്രണ്ടാം ദിനവും തുടരുകയാണ് .
കന്യാസ്ത്രീകൾ പ്രത്യക്ഷ സമരം തുടങ്ങി 12 ദിവസം പിന്നിട്ടിട്ടും ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു. ഐ.ജി ഓഫീസ് മാർച്ച്. ബാരിക്കേഡുയർത്തി ഐ.ജി ഓഫീസിന് മുൻപിലെ റോഡിൽ പൊലീസ് മാർച്ച് തടഞ്ഞു. നേതാക്കളുടെ പ്രസംഗത്തിന് ശേഷം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ ബലം പ്രയോഗിച്ച് നീക്കി.
അതേസമയം ചോദ്യം ചെയ്യലിൽ പ്രതീക്ഷയുണ്ടെന്നാണ് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പ്രതികരിച്ചത്. ഇന്ന് ഫ്രാങ്കോയുടെ അറസ്റ്റുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരിയും ഡോ പി ഗീതയും നിരാഹാര സമരം തുടരുകയാണ്.